കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാളെ പോലീസ് ചോദ്യം ചെയ്യുന്നു. പെൺകുട്ടിക്ക് മയക്കുമരുന്നുനൽകിയ ബോണി എന്നയാളെയാണ് പോലീസ് ഇന്ന് രാവിലെ മുതല്‍ ചോദ്യം ചെയ്യുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ഇയാള്‍ നേരിട്ടു കുട്ടിക്കു മയക്കുമരുന്നു നല്‍കിയെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട്, കുട്ടിയുടെ വെളിപ്പെടുത്തലിൽ പറയുന്ന പത്തുപേരുടെയും സാക്ഷികളുടെയുമടക്കം 20 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
കുട്ടിക്കൊപ്പം സ്കൂളിൽ പഠിച്ച വിദ്യാർഥികളിൽനിന്ന് മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. പലരും പഠിത്തം പൂർത്തിയാക്കി സ്കൂൾ വിട്ടുപോയി.
കൂടാതെ ഒരേപേരിൽത്തന്നെ കുറെ കുട്ടികളുള്ളതിനാൽ പോലീസിന് ഇവരെ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. കൂടെ പഠിച്ച ആൺകുട്ടിയാണ് മയക്കുമരുന്നു നൽകിയതെന്ന് കുട്ടി പറഞ്ഞിരുന്നെങ്കിലും അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിവൊന്നും ലഭിച്ചിട്ടില്ല.
എന്നാൽ, സിഗരറ്റ് വലിക്കുന്ന സ്വഭാവക്കാരനാണെന്ന് പോലീസ് വ്യക്തമാക്കി.