നിസാമാബാദ്(തെലങ്കാന): പരീക്ഷയിൽ കോപ്പിയടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കോളജ് ഹോസ്റ്റലിൽ വിദ്യാർഥി കൊല്ലപ്പെട്ടു. തെലങ്കാന നിസാമാബാദിലെ സർക്കാർ കോളജ് ഹോസ്റ്റലിൽ വെങ്കട്ട് എന്ന ഇരുപത്തിയൊന്നുകാരനാണു മരിച്ചത്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയടക്കം ഏഴുപേർ അറസ്റ്റിലായി. ഇവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു.
ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർഥി പരീക്ഷയിൽ കോപ്പിയടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നു പോലീസ് വ്യക്തമാക്കി.
കോപ്പിയടിക്കുന്നത് വെങ്കട്ട് ചോദ്യം ചെയ്തതോടെ ഒന്നാം വർഷ വിദ്യാർഥി അതേ കോളജ് ഹോസ്റ്റലിലെ താമസക്കാരനായ ജ്യേഷ്ഠനെ വിവരമറിയിച്ചു. ജ്യേഷ്ഠൻ മറ്റു വിദ്യാർഥികൾക്കൊപ്പമെത്തി വെങ്കട്ടിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വെങ്കട്ടിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.