മലപ്പുറം: വിദ്യാർഥികളോടു അപമര്യാദയായി പെരുമാറിയാൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ കെ.എം. ഷാജി അറിയിച്ചു. മറ്റുയാത്രക്കാരിൽ നിന്നു വിഭിന്നമായി കുട്ടികളെ ബസിൽ കയറ്റുന്നതിനു വരി നിർത്തുകയോ സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുകയോ ചെയ്യരുത്.
കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും സ്റ്റോപ്പിൽ നിർത്താതിരിക്കുകയോ കുട്ടികളിൽ നിന്നു അനുവദിക്കപ്പെട്ടിട്ടുള്ള കണ്സഷൻ തുകയിൽ കൂടുതൽ ഈടാക്കുകയോ ചെയ്താൽ അത്തരം ബസുകളുടെ രജിസ്ട്രേഷൻ നന്പർ, തിയതി, സമയം, സ്ഥലം എന്നിവ സഹിതം സ്കൂൾ ഹെഡ്മാസ്റ്റർ മുഖേന പരാതി ആർടിഒ, ജോയിന്റ് ആർടിഒയ്ക്ക് നൽകണം. കുറ്റം ചെയ്യുന്ന ബസ് ജീവനക്കാരുടെ ലൈസൻസ് റദ്ദുചെയ്യൽ, ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യൽ തുടങ്ങി ശക്തമായ നടപടികളാണ് സ്വീകരിക്കുകയെന്ന് ആർടിഒ അറിയിച്ചു.