19 കാരിയായ കോളേജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുംബൈയിലെ ചെമ്പൂർ ഏരിയയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (BARC) ക്വാർട്ടേഴ്സിലെ ഫ്ളാറ്റിലാണ് സംഭവം.
പ്രതിയും ഇരയും പരസ്പരം അറിയാവുന്നവരും ഒരേ കെട്ടിടത്തിൽ താമസിക്കുന്നവരുമാണെന്നും ശീതളപാനീയത്തിൽ മയക്കമരുന്ന് കലർത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ഇരയായ പെൺകുട്ടി പാചകത്തിനുള്ള ചേരുവകൾ ശേഖരിക്കാൻ പ്രതിയുടെ വീട്ടിൽ പോയിരുന്നു.
പ്രതിയുടെ കുടുംബാംഗങ്ങൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ പ്രതി സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിച്ച് പാർട്ടി നടത്തുകയായിരുന്നു.
പ്രതി പെൺകുട്ടിയ്ക്ക് പാനീയം നൽകി. ഇത് കുടിച്ചതിന് ശേഷം പെൺകുട്ടി ബോധരഹിതയായി. തുടർന്ന് ഇരുവരും മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു.
ബോധം തിരിച്ചുകിട്ടിയപ്പോൾ തനിക്ക് എന്തോ സംഭവിച്ചതായി യുവതിയ്ക്ക് മനസ്സിലായി. ഇതേത്തുടർന്ന് പെൺകുട്ടി കുടുംബത്തോടൊപ്പം സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കിയ പോലീസ് ഇരുവരെയും നവംബർ 20 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.