പാലക്കാട്: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി മടങ്ങിയ അധ്യാപകരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗവൺമെന്റ് വിക്ടോറിയ കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ തുടർന്ന് അധ്യാപകർക്കെതിരെ നടപടിയെടുത്തു.
ഇന്നലെ കോളജ് ഓഫീസിൽ പ്രിൻസിപ്പലിനെ ഉപരോധിച്ച് നടത്തിയ സമരത്തെത്തുടർന്ന് നടത്തിയ ചര്‍ച്ചയില്‍ അധ്യാപകരെ വാര്ഡന് സ്ഥാനത്തുനിന്നും താല്‍ക്കാലികമായി മാറ്റുമെന്നും ആരോപിതര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പൽ അറിയിച്ചു. തിങ്കളാഴ്ച കോളജ് കൗൺസിൽ ചേർന്ന് നടപടിയെടുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അധ്യാപകരെ സസ്പെന്‍ഡ് ചെയ്യും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
കോളജിലെ ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുന്ന അട്ടപ്പാടി സ്വദേശിനിയായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെയാണ് കഠിനമായ വയറുവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വാര്ഡന്മാരായ രണ്ട് അധ്യാപികമാരും വിദ്യാര്‍ഥികളും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി അധ്യാപകര്‍ മടങ്ങിയെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കൂട്ടിരിക്കാമെന്നു പറഞ്ഞ സുഹൃത്തുക്കളെ പോലും നിര്‍ബന്ധിച്ച് തിരികെ കൊണ്ടുവന്നെന്നും പറയുന്നു.
വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ അട്ടപ്പാടിയിലെ എസ്ടി പ്രമോട്ടറെ വിവരമറിയിച്ചിരുന്നു. പ്രമോട്ടര്‍ എത്തും വരെ കാത്തിരിക്കാന്‍ പോലും തയാറാവാതെയാണ് വിദ്യാര്‍ഥിനിയെ തനിച്ചാക്കി അധ്യാപകര്‍ തിരികെ വന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.