ഹൈദരാബാദ്: എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകനേയും ക്ലർക്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടായിരം രൂപ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷയെഴുതാൻ അനുവദിക്കാതെ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്ന സായ് ദീപ്തിയെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. ഹൈദരാബാദിലെ മാൽകജ്ഗിരിയിലുള്ള വീട്ടിൽ വെള്ളിയാഴ്ച കുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തോടൊപ്പം ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. പരീക്ഷ എഴുതാൻ തന്നെ അനുവദിച്ചില്ലെന്നും, അമ്മ തന്നോട് ക്ഷമിക്കണമെന്നുമാണ് കുറിപ്പിൽ എഴുതിയിരിക്ക്ുന്നത് ഫീസ് അടയ്ക്കാത്തതിന് എല്ലാവരുടെയും മുൻപിൽവെച്ച് കുട്ടിയെ പേരുവിളിച്ച് പരീക്ഷാഹാളിൽനിന്ന് പുറത്താക്കുകയായിരുന്നു.
ഇതിൽ കുട്ടിക്ക് നല്ല വിഷമമുണ്ടായിരുന്നെന്നും അക്കാര്യം സഹോദരിയോട് പറഞ്ഞിരുന്നെന്നും പോലീസ് വ്യക്തമാക്കി. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂളിന്റെ പേരിൽ കേസെടുത്തു. എസ്സി-എസ്ടി ആക്ട്, ആത്മഹത്യാപ്രേരണ കുറ്റം തുടങ്ങിയവയാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.