ആലപ്പുഴ: പാതിരപ്പള്ളി ജംഗ്ഷനു സമീപം ദേശീയപാതയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ഒന്പതു വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇന്ന് 1.45 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പഠനയാത്രയ്ക്ക് പോകുകയായിരുന്ന പാലക്കാട് തച്ചന്പാറ ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമായിരുന്നു ബസിൽ.
പരിക്കേറ്റ ഒന്പതു വിദ്യാർഥികളെയും ബസ് ക്ലീനറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.ജംഗ്ഷനടുത്തുള്ള പെട്രോൾ ബങ്കിനു സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിനു പിന്നിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.
ചാറ്റൽമഴയുണ്ടായിരുന്നതിനാൽ റോഡിൽ തെന്നിയതാകാം അപകടത്തിനു കാരണമെന്നു കരുതുന്നു. അതോടൊപ്പം ദേശീയപാതയോരത്ത് അപകടകരമാം വിധത്തിൽ ലോറികൾ നിർത്തിയിടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് പോലീസിന്റെ അഭിപ്രായം.
സ്കൂളിൽ നിന്നുള്ള മറ്റൊരു സംഘം പിന്നാലെ തന്നെയുണ്ടായിരുന്നു. ഇവരും നാട്ടുകാരും ചേർന്നാണ് അപകടം സംഭവിച്ച ബസിലുണ്ടായിരുന്നവരെ പുറത്തിറക്കിയതും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെടുകയും ചെയ്തു. പോലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തിയിരുന്നു.