വിഴിഞ്ഞം: തുറമുഖ നിർമാണത്തിന് കരിങ്കല്ലുമായി വന്ന ടിപ്പർ ലോറിയിൽനിന്ന് കല്ല് തെറിച്ച് വീണ് വിദ്യാർഥി മരിച്ചു. ഇതേത്തുടർന്ന് തുറമുഖ റോഡ് ഉപരോധവുമായി നാട്ടുകാർ രംഗത്തിറങ്ങി.
ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു (22) നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മുക്കോലമുള്ളു മുക്കിന് സമീപമായിരുന്നു അപകടം. അമിതഭാരവുമായി വന്നലോറി റോഡിലെ കുഴിയിൽ പതിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടയിൽ മുകളിൽനിന്ന് കരിങ്കല്ല് താഴെക്കു പതിക്കുകയായിരുന്നു.
നാലാം വർഷ മെഡിസിൻ വിദ്യാർഥിയാണ് അനന്തു. അപകടം നിറഞ്ഞ രീതിയിൽ ഭാരവും കയറ്റിയുള്ള ടിപ്പറുകളുടെ മത്സര ഓട്ടത്തിനെതിരേ നിരവധി തവണ നാട്ടുകാർ റോഡു പരോധം വരെ നടത്തിയിരുന്നു.
ഇതിന് അധികാരികൾ പരിഹാരം കാണാത്തതിനെതിരേയാണ്. ശക്തമായ പ്രതിഷേധവുമായി വീണ്ടും ജനം രംഗത്തിറങ്ങിയത്. ഇന്നു രാവിലെ മുതൽ തുറമുഖ കവാടമായ മുല്ലൂർ അടച്ച് പ്രതിഷേധിക്കുകയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാട്ടുകാർ.