പത്താം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ ക്രൂരമായ് മർദിച്ചു. ഡൽഹിയിലെ യമുന വിഹാർ പ്രദേശത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുര പോലീസ് സ്റ്റേഷനിൽ നാല് അധ്യാപകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
വിദ്യാർഥിയുടെ അമ്മ നൽകിയ പരാതിയിലാണ് നാലുപേർക്കെതിരെ കേസെടുത്തത്. ജനാലയിലൂടെ പുറത്തേക്ക് നോക്കിയതിന് ഒരു അധ്യാപിക മാപ്പ് പറയാൻ കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറഞ്ഞിട്ടും ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കി.
പിന്നീട് അതേ അധ്യാപകൻ വിളിച്ചുവരുത്തി സ്കൂളിലെ മറ്റ് മൂന്ന് അധ്യാപകരും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതിയിൽ കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച പതിനാറുകാരൻ പറഞ്ഞത്, “ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കുകയായിരുന്നു, സാർ വന്ന് എന്നെ തല്ലി, വേദനിച്ചെന്ന് പറഞ്ഞപ്പോൾ എന്നെ മൂന്ന് തവണ അടിച്ചു. അഞ്ച് മിനിറ്റ് ഞാൻ ക്ഷമാപണം നടത്തി. പക്ഷേ എന്നെ വീണ്ടും അടിച്ച് ക്ലാസിൽ നിന്ന് പുറത്താക്കി.
പിന്നീട് അദ്ദേഹം എന്നെ എൻസിസി മുറിയിലേക്ക് കൊണ്ടുപോയി, തുടർന്ന് അധ്യാപകന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചു. അതിനുശേഷം അവർ നാലുപേരും എന്നെ ഇടിക്കുകയും ചവിട്ടുകയും കൈമുട്ടുകൊണ്ട് അടിക്കുകയും ചെയ്തു.
എന്റെ അരക്കെട്ടിലും നെഞ്ചിലും മുറിവേറ്റു. ആക്രമണത്തിൽ എന്റെ മുഖം വീർത്തു. എന്തുകൊണ്ടാണ് അധ്യാപകർ എന്നെ ഇങ്ങനെ സമീപിച്ചതെന്ന് എനിക്ക് ഒരു പിടിയും ഇല്ലെന്നും വിദ്യാർഥി പറഞ്ഞു.
പീഡന വിവരം ആരെയെങ്കിലും അറിയിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് നാല് അധ്യാപകരും തന്നെ ഭീഷണിപ്പെടുത്തിയതായി കുട്ടി പറഞ്ഞു. എന്നാൽ സംഭവം അമ്മയോട് പറയുകയും സ്കൂളിൽ പോകാൻ വിസമ്മതിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നെഞ്ചിലും അരക്കെട്ടിലും കടുത്ത വേദന അനുഭവപ്പെട്ടതിനാൽ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായി അമ്മ പരാതിയിൽ പറയുന്നു.