സിംഗപ്പൂർ സ്പോർട്സ് സ്കൂളിലെ 14 വയസ്സുള്ള ഇന്ത്യൻ വംശജനായ വിദ്യാർഥിയുടെ മരണം കോവിഡ്-19 വാക്സിനേഷനുമായി ബന്ധപ്പെട്ടതാണെന്ന ഊഹാപോഹങ്ങൾ ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ഒക്ടോബർ 5 ന് 400 മീറ്റർ ഫിറ്റ്നസ് ടൈം ട്രയലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സെക്കൻഡറി 2 വിദ്യാർഥി-അത്ലറ്റ് പ്രണവ് മദായിക്ക് ബുധനാഴ്ചയാണ് മരിച്ചത്.
വിദ്യാർഥിയ്ക്ക് 18 മാസങ്ങൾക്കുമുമ്പ് ഫൈസർ-ബയോഎൻടെക്കിന്റെ COVID-19 വാക്സിൻ അവസാനമായി ലഭിച്ചിരുന്നെന്ന് മന്ത്രാലയം പറഞ്ഞു. ഒക്ടോബർ 5 ന് വൈകുന്നേരം 400 മീറ്റർ ഫിറ്റ്നസ് ടൈം ട്രയൽ പൂർത്തിയാക്കിയ ശേഷം തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി പ്രണവ് ബാഡ്മിന്റൺ പരിശീലകനോട് പറഞ്ഞു. കോച്ച് അവനോട് വിശ്രമിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കുട്ടി വിശ്രമിക്കാൻ പോയി.
എന്നാൽ പ്രണവ് ഇപ്പോഴും അതേ സ്ഥലത്ത് വിശ്രമിക്കുകയാണെന്ന് മനസ്സിലാക്കാതെ കോച്ച് മറ്റ് വിദ്യാർഥികളെ മത്സര വിഷയങ്ങളെക്കുറിച്ച് അറിയിക്കാൻ ട്രാക്ക് വിട്ടു. തുടർന്ന് വിശദീകരണയോഗം കഴിഞ്ഞ് സ്കൂൾ പരിസരത്ത് നിന്ന് പോയി. പരിശീലകന്റെ ശ്രദ്ധയിൽപ്പെടുന്നതിന് മുമ്പ് വിദ്യാർഥി മറ്റ് രണ്ട് വിദ്യാർഥി സംഘങ്ങളോട് കാര്യം പറഞ്ഞു.
വെള്ളം നൽകിയതിന് ശേഷം പ്രണവിന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. തുടർന്ന് ആംബുലൻസ് വിളിച്ച് മാതാപിതാക്കളെ വിവരമറിയിച്ചു. സംഭവത്തിൽ പരിശീലകന് പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ട്രാക്ക് വിടുന്നതിന് മുമ്പ് ബാഡ്മിന്റൺ പരിശീലകൻ പ്രണവിന്റെ ക്ഷേമം ഉറപ്പാക്കാൻ അവനെ പരിശോധിക്കേണ്ടതായിരുന്നുവെന്ന് കണ്ടെത്തി.