നായയുടെ കടിയേറ്റ വിദ്യാർഥി പേവിഷ ബാധയെ തുടർന്ന് മരിച്ചു. സംഭവം കോളിളക്കം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെ വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം. ജൂലാംഗിലെ ഡോൺ ബോസ്കോ കോളജിലെ വിദ്യാർത്ഥിയായ ന്യാരോ റൂസിംഗ് വ്യാഴാഴ്ചയാണ് മരിക്കുന്നത്. ഇറ്റാനഗറിലാണ് സംഭവം.
വ്യാഴാഴ്ച രാവിലെ വിദ്യാർഥിയെ പേവിഷബാധയുടെ ലക്ഷണങ്ങളുമായി ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ പൂജകൾ നടത്താൻ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബാംഗങ്ങൾ നിർബന്ധിച്ചു. ഇതേതുടർന്ന് വൈകുന്നേരത്തോടെ വീട്ടിൽ വെച്ചാണ് മരണം സംഭവിക്കുന്നത്.
രണ്ട് വയസ്സുള്ള നായ വിദ്യാർഥിയുടെ വലതു കൈപ്പത്തിയിലാണ് കടിച്ചത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് റൂസിംഗിന് പേവിഷബാധയ്ക്കെതിരായ വാക്സിനേഷനൊന്നും നൽകിയിട്ടില്ല. നായയ്ക്കും വാക്സിനേഷൻ നൽകിയിട്ടില്ല.
കുട്ടിയെ കടിച്ച നായ ദിവസങ്ങൾക്ക് ശേഷം ചത്തിരുന്നു. സംഭവത്തെത്തുടർന്ന് ക്യാപിറ്റൽ ഡെപ്യൂട്ടി കമ്മീഷണർ ടാലോ പോട്ടോം എല്ലാ വളർത്തുമൃഗ ഉടമകളോടും അവരുടെ വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം നൽകി.
തെരുവ് നായ്ക്കൾക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ അസിസ്റ്റന്റ് കമ്മീഷണർമാർ, സർക്കിൾ ഓഫീസർമാർ, വെറ്ററിനറി ഓഫീസർമാർ എന്നിവർക്കും നിർദ്ദേശം നൽകി.