മണിപ്പൂരിൽ രണ്ട് വിദ്യാർഥികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ വസതിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച വിദ്യാർഥികളെസുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ച് പിരിച്ചുവിടാൻ ശ്രമിച്ചു. സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതിന് തൊട്ടുപിന്നാലെ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.
17 വയസ്സുള്ള ഒരു പെൺകുട്ടിയും 20 വയസ്സുള്ള ഒരു ആൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ഇരുവരെയും കഴിഞ്ഞ ജൂലൈയിൽ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാണാതാവുകയായിരുന്നു. ഇവർക്കായ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെയിലാണ് ഇവരുടെ ചേതനയറ്റ ശരീരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇവർ ആയുധധാരികൾക്കൊപ്പം ഭയന്നിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു ചിത്രത്തിൽ വിദ്യാർഥികളുടെ തല അറത്തുമാറ്റിയ നിലയിലാണ്.
മണിപ്പൂർ സർക്കാർ ജനങ്ങളോട് സംയമനം പാലിക്കണമെന്നും ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ അധികാരികളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ കേസ് ഇതിനകം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.