ചെറിയ വലിയ കണ്ടുപിടുത്തം! പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഇങ്ങനെയും ഉപയോഗിക്കാം; വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയ പരിഹാരം ശ്രദ്ധയാകര്‍ഷിക്കുന്നു

plastic-bottle-toilet-696x393തമിഴ്‌നാട്ടിലെ കുറുമ്പപട്ടി പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ഏതാനും കുട്ടികളാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. ഒരു സ്‌കൂളില്‍ അവശ്യം വേണ്ട ഒരു കണ്ടുപിടുത്തം നടത്തിയതിലൂടെയാണ് ഈ കുട്ടികള്‍ ശ്രദ്ധിക്കപ്പെട്ടത്. തങ്ങള്‍ പഠിക്കുന്ന സ്‌കൂളില്‍ കുട്ടികള്‍ക്ക് സ്ഥിരമായി വിവിധ അസുഖങ്ങള്‍ പിടിപെടുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇതേക്കുറിച്ചന്വേഷിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അഞ്ചംഗ കമ്മിറ്റിയുണ്ടാക്കി. സുബിക് പാണ്ഡ്യന്‍, സന്തോഷ്, ദയാനിധി, രാകുല്‍, പ്രഭാഹരന്‍ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. ആദ്യമൊക്കെ അവര്‍ കരുതിയിരുന്നത് കുട്ടികള്‍ ഉപയോഗിക്കുന്ന സോപ്പ്, ധരിക്കുന്ന വസ്ത്രം, മുടി വൃത്തിയായി സൂക്ഷിക്കാത്തത് ഇതൊക്കെയാണ് അസുഖത്തിനുള്ള കാരണം എന്നാണ്. എന്നാല്‍ അന്വേഷണത്തിനൊടുവിലാണ് യഥാര്‍ത്ഥ പ്രശ്‌നക്കാരന്‍ സ്‌കൂളിലെ ശൗചാലയമാണെന്ന് കണ്ടെത്തിയത്. ശൗചാലയത്തിലെ തറയിലൂടെ ഒഴുകുന്ന മൂത്രത്തില്‍ ചവിട്ടിയാണ് കുട്ടികള്‍ മിക്കപ്പോഴും ക്ലാസ് മുറിയിലേക്കും മറ്റും കയറിവരുന്നത്. ഭൂരിഭാഗം പേര്‍ക്കും മൂത്രാശയ സംബന്ധമായ രോഗങ്ങളായിരുന്നു പിടിപെട്ടിരുന്നത്.
Urinal2
പിന്നീട് ഇതിനൊരു പരിഹാരം കണ്ടെത്താനായി കുട്ടികളുടെ ശ്രമം. എന്നാല്‍ പുതിയ മൂത്രപ്പുര പണിയാന്‍ മാത്രം സാമ്പത്തികമായ ഉയര്‍ന്ന നിലയിലായിരുന്നില്ല സ്‌കൂള്‍. തുടര്‍ന്ന് കുട്ടികള്‍ തന്നെ കൂടിയിരുന്ന് വിഷയത്തെ കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. അങ്ങനെയാണ് ഉപേക്ഷിക്കപ്പെട്ട 20 ലിറ്ററിന്റെ കുടിവെള്ള പ്ലാസ്റ്റിക് ബോട്ടിലുകള്‍ ടോയ്ലറ്റിന് വേണ്ടി ഉപയോഗിക്കാം എന്ന ആശയം കൂട്ടത്തിലെ കൊച്ചു മിടുക്കനായ കേശവന്‍ പങ്കുവച്ചത്. സംഗതി എല്ലാവരും ഏറ്റെടുത്തതോടെ അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും തുടങ്ങി. തുടര്‍ന്ന് ഇത്തരത്തില്‍ ചെറിയ തുള വീണ് ഉപയോഗശൂന്യമായ ബോട്ടിലുകള്‍ വളരെ തുച്ഛമായ വില നല്‍കി കുട്ടികള്‍ വാങ്ങി. അടുത്തത് അവ ടോയ്ലറ്റിന്റെ രൂപത്തില്‍ വൃത്തിയായി മുറിച്ചെടുത്തു. പിന്നീട് അതിനു പുറത്തായി വെളുത്ത പെയിന്റടിച്ചു. അതിനകത്ത് വെള്ളത്തിന്റെ പൈപ്പ് കൂടി സ്ഥാപിച്ചതോടെ സംഗതി റെഡിയായി. പൈപ്പ്, ബോട്ടിലുകള്‍ എന്നിവ വാങ്ങാനായി അദ്ധ്യാപകരും കുട്ടികളും ചേര്‍ന്ന് ഒരു പൊതു ഫണ്ട് തന്നെ മാറ്റിവച്ചിരുന്നു. ഇതിലേക്കായി എല്ലാവരും അവരവര്‍ക്ക് കഴിയുന്ന രീതിയിലുള്ള ധനസഹായവും നല്‍കി. ഇപ്പോള്‍ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് ഈ കൊച്ചുകൂട്ടുകാരും അവരുടെ സ്‌കൂളും. ഇവരുടെ ഈ ചെറിയ വലിയ കണ്ടുപിടുത്തത്തിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Urinal3

Related posts