കോട്ടയം: നഗരത്തിൽ അടിക്കടിയുണ്ടാകുന്ന വിദ്യാർഥികളുടെ തമ്മിലടി അവസാനിപ്പിക്കാൻ പോലീസ് രംഗത്തിറങ്ങി. ഇന്നലെ ഈസ്റ്റ് പോലീസ് സ്റ്റേഷനു സമീപം ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് രക്ഷിതാക്കളെയും സ്കൂൾ അധികൃതരെയും ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു.
മേലിൽ വിദ്യാർഥികളിൽനിന്ന് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് രക്ഷിതാക്കളും സ്കൂൾ അധികൃതരും അറിയിച്ചത്. ഇനിയും ആവർത്തിച്ചാൽ കേസ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഇന്നലത്തെ തമ്മിലടിയിൽ പോലീസ് കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. സ്കൂളിൽ വച്ചുണ്ടായ എന്തോ വാക്കുതർക്കമാണ് അടിപിടിക്ക് കാരണമെന്നു പറയുന്നു. എന്താണ് കാരണമെന്ന് പോലീസും വ്യക്തമാക്കുന്നില്ല. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനോടു ചേർന്നുള്ള ബസ്സ്റ്റോപ്പിൽ ഇന്നലെ വൈകുന്നേരം നാലോടെയാണു സംഭവം. അടിപിടിക്കിടയിൽ വീണു പോയ മൂന്നു വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. മുൻപുണ്ടായ അടിപിടിക്ക് പകരം വീട്ടാൻ എത്തിയതായിരുന്നു ഒരു വിഭാഗം. ഇരു സംഘങ്ങളും ബസ്സ്റ്റോപ്പിൽ കണ്ടു മുട്ടിയപ്പോഴാണ് ഏറ്റുമുട്ടിയത്. സംഭവം കണ്ട് വനിതാ പോലീസ് സ്റ്റേഷനിൽ നിന്നുള്ളവർ എത്തിയപ്പോഴേക്കും വിദ്യാർഥികൾ ചിതറിയോടി.
കഴിഞ്ഞ ദിവസം നഗരത്തിലെ രണ്ടു പ്രമുഖ സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നതായും ഇതിന്റെ തുടർച്ചയായാണ് ഇന്നലെയും വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു.