ഗുജറാത്ത് മോഡല്‍ വികസനം എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടവും വീമ്പിളക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാഭ്യാസത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ ഗുജറാത്ത് എക്കാലവും മുന്നിലാണെന്നാണ് മോദി വാദിക്കുന്നത്. എന്നാല്‍ സ്വന്തം പേര് പോലും ഇംഗ്ലീഷില്‍ എഴുതാന്‍ അറിയാത്ത കുട്ടികളാണ് ഗുജറാത്തില്‍ ഭൂരിഭാഗവും ഉള്ളതെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത്തരക്കാരാണ് ഓരോ ക്ലാസും കടന്ന് ബോര്‍ഡ് പരീക്ഷകളില്‍ എത്തുന്നതെന്നും ബോര്‍ഡ് പരീക്ഷയില്‍ കൂട്ടത്തോല്‍വിയാണ് അവര്‍ നേരിടുന്നതെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലെ പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയില്‍ ഇരുനൂറോളം കൂട്ടകോപ്പിയടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസിലെ മിക്ക കുട്ടികള്‍ക്കും സ്വന്തം പേര് പോലും ഇംഗ്ലീഷില്‍ എഴുതാന്‍ അറിയില്ല. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായിട്ടു പോലും കുട്ടികള്‍ക്ക് പല വാക്കുകളും ഇംഗ്ലീഷില്‍ എഴുതാനറിയില്ലയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്‌കൃതം പരീക്ഷയിലും വിദ്യാര്‍ത്ഥികള്‍ എല്ലാം ഒരേ തെറ്റാണ് വരുത്തിയിരിക്കുന്നത്. ഹിന്ദി പേപ്പറിലും ഇതേ അവസ്ഥ തന്നെയായിരുന്നു. എല്ലാ പേപ്പറിലും ഒരേ ഉത്തരവും ഒരേ തെറ്റുകളും ആയിരുന്നു. കോപ്പിയടിയുമായി ബന്ധപ്പെട്ട് 230 ഓളം കേസുകളാണ് പരീക്ഷ ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഞ്ചമഹല്‍ ജില്ലയിലെ കാവലിയില്‍ ഒരു പരീക്ഷ സെന്ററിലാണ് പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് മാത്രം 96 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയ്ക്ക് ശേഷം 200 കിലോയുടെ കടലാസ് കഷ്ണങ്ങളായിരുന്നു പിടിച്ചെടുത്തിരുന്നത്. 200 കിലോയോളം വരുന്ന കോപ്പിയടി കടലാസുകളില്‍ ഭൂരിഭാഗവും മൈക്രോ സൈസ് ഫോട്ടോ കോപ്പികളാണ്. എല്ലാവര്‍ഷവും സംസ്ഥാനത്ത് ഇത്തരത്തിലുള്ള കോപ്പിയടികള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.