കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്കൂള്‍ ബാഗുകളുടെ ഭാരം 1.6 മുതല്‍ 2.2 കിലോഗ്രാമിന് ഇടയിലും പത്താം ക്ലാസിലെ കുട്ടികളുടെ ബാഗുകളുടെ ഭാരം 2.5 കിലോയ്ക്കും
4.5 കിലോയ്ക്കുമിടയിലും ആക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കും. ഇതിനു പുറമെ മാസത്തില്‍ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങള്‍ എന്നത് നടപ്പാക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതിനായി നിലവില്‍ എല്ലാ പാഠപുസ്തകങ്ങളും രണ്ടു ഭാഗങ്ങളായിട്ടാണ് അച്ചടിച്ചു വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് 100നും 120നും ഇടയിലുള്ള പേജുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
ഒന്നിലധികം നിലകളുള്ള സ്കൂളുകളിലടക്കം ഭാരമുള്ള ബാഗുമായി നടക്കേണ്ടിവരുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്ക് നേരിട്ടും പരാതികള്‍ ലഭിച്ചിരുന്നു.