കൊഴിഞ്ഞാന്പാറ: നിയമം ലംഘിച്ച് വിദ്യാർഥികൾ സ്കൂളിലേക്ക് ബൈക്കിൽ വരുന്നത് പതിവാകുന്നു. താലൂക്കിലെ മിക്ക സ്കൂളുകളിലും ഇതുതന്നെയാണ് സ്ഥിതി. സ്കൂളിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കുമുന്നിലും വീടുകളിലുമാണ് ഇരുചക്രവാഹനങ്ങൾ ഇവർ പാർക്ക് ചെയ്യുന്നത്.
ചില രക്ഷിതാക്കൾ മക്കൾക്ക് വിലകൂടിയ, വേഗതയേറിയ ബൈക്കുകളാണ് വാങ്ങിനല്‍കുന്നത്. വിദ്യാർഥികൾ ചിലപ്പോൾ ഇരുചക്രവാഹനങ്ങൾ സ്കൂൾ ഗ്രൗണ്ടിലേക്കും കൊണ്ടുവരാറുണ്ട്. ഇത്തരം നിയമലംഘനം തടയാൻ സ്കൂൾ അധികൃതർക്കു ഉത്തരവാദിത്വമുണ്ടെങ്കിലും മൗനം പാലിക്കുകയാണ്. ഇത് നിയമലംഘനം വർധിക്കാനും കാരണമാകുന്നു.
പ്രായപൂർത്തിയാകാത്തവർ ഇരുചക്രവാഹനം ഉപയോഗിക്കുന്നതു തടയാൻ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും സ്കൂൾ അധികൃതരുടെ നിസഹകരണംമൂലം പ്രാവർത്തികമാകുന്നില്ല.ഇന്നലെ തത്തമംഗലം വൈദ്യുതി സെക്ഷൻ ഓഫീസിനുമുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പരിക്കുകളോടെ ഫയർഫോഴ്സ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.
പൊള്ളാച്ചിയിൽ പഠിക്കുന്ന വിദ്യാർഥികൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഏന്തൽപ്പാലത്ത് ജീപ്പിൽ ഇടിച്ചും അപകടമുണ്ടായി.ഈ അപകടത്തിൽ ചിറ്റൂർ സ്വദേശിയായ വിദ്യാർഥി സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. കൂടെയുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റു.