എടക്കര: സ്കൂൾ പരിസരങ്ങളിലെ പരിശോധന നിർജീവമായതോടെ ഇരുച്ചക്ര വാഹനങ്ങളിലത്തെുന്ന വിദ്യാർഥികളുടെ എണ്ണം പെരുകുന്നു. പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റും പരിശോധന നടത്തുകയും പല സ്കൂൾ അധികൃതരും ബൈക്കിലത്തെുന്ന വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തതോടെ വിദ്യാർഥികളുടെ ബൈക്ക് ഉപയോഗം കഴിഞ്ഞ അധ്യയന വർഷം കുറക്കാൻ കഴിഞ്ഞിരുന്നു.
എന്നാൽ പരിശോധനകൾ പ്രഹസനമായി മാറിയതോടെ ബൈക്ക് ഉപയോഗിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. സ്കൂളിലേക്ക് ബൈക്കുമായി വരുന്നത് അധ്യാപകർ വിലക്കിയതോടെ സമീപത്തെ വീടുകളിലും ഇടവഴികളിലുമാണ് ഇപ്പോൾ വാഹനം നിർത്തുന്നത്.
ഇത്തരം സഹായം ചെയ്യുന്ന വീട്ടുകാർക്കെതിരെയും പോലീസ് നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ പരിശോധന കാര്യക്ഷമമല്ലാത്തതിനാൽ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്.
മൂന്നുപേരെ വച്ചും അമിത വേഗതയിലും ഉൾവഴികളിലൂടെയാണ് കുട്ടികളുടെ സഞ്ചാരം. പിടിക്കപ്പെട്ടാൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവത്കരണം നടത്തി വിട്ടയക്കാറുണ്ടെങ്കിലും വീണ്ടും ഇത്തരം നിയമലംഘനം നടത്തുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല.