കൊച്ചി: സ്റ്റുഡന്റ്സ് ബിനാലെ പ്രദർശനങ്ങൾ നടക്കുന്ന മട്ടാഞ്ചേരി ടെംപിൾ വേദിയിലേക്ക് കടക്കുന്പോൾ തന്നെ സന്ദർശകരെ സ്വീകരിക്കുന്നത് മരം കൊണ്ട് നിർമ്മിച്ച കൂറ്റൻ പ്രതിഷ്ഠാപനമാണ്. ഇതിന്റെ രൂപത്തിൽ ആദ്യം സംശയം തോന്നാമെങ്കിലും ആകാശത്തേക്കു നോക്കി നിലവിളിക്കുന്ന പെണ്‍കുട്ടിയുടെ മുഖമാണിതിന്. ജമ്മുകശ്മീരിലെ കത്വയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആസിഫ എന്ന പെണ്‍കുട്ടിയ്ക്ക് സമർപ്പിക്കപ്പെട്ട ഈ പ്രതിഷ്ഠാപനം സന്ദർശകരുടെ മനസ് നീറുന്ന പ്രതീതിയാണ് ഉളവാക്കുന്നത്.
സ്ക്രീം(അലർച്ച) എന്നാണ് ഈ പ്രതിഷ്ഠാപനത്തിന് നൽകിയിരിക്കുന്ന പേര്. കൊച്ചി ബിനാലെയോട് സമാന്തരമായി നടക്കുന്ന സ്റ്റുഡന്റ്സ് ബിനാലെ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രധാന സംരംഭമാണ്. സമകാലീന കലാവിദ്യാർത്ഥികളിലെ പ്രതിഭകൾക്ക് അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ തങ്ങളുടെ കലാവിരുതും വീക്ഷണവും പ്രദർശിപ്പിക്കുന്നതിനുള്ള അവസരവുമാണ് സ്റ്റുഡന്റ്സ് ബിനാലെയിലൂടെ കൈവരുന്നത്.
കലാകാരന്മാരും ഗവേഷകരുമായ ആറ് ക്യൂറേറ്റർമാർ ചേർന്നാണ് സ്റ്റുഡൻറ്സ് ബിനാലെ പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നത്. സാർക്ക് രാജ്യങ്ങളിൽ നിന്നുൾപ്പെടെ 200 വിദ്യാർഥി ആർട്ടിസ്റ്റുകളാണ് സ്റ്റുഡന്റ്സ് ബിനാലെയിൽ പങ്കെടുക്കുന്നത്.
അലിഗഢ് മുസ്ലീം സർവകലാശാലയിലെ ഫൈൻ ആർട്സ് വിദ്യാർത്ഥികളായ വസീം മുഷ്താഖ്, സബിർ അലി, അഭിഷേക് ശർമ്മ, പവൻ പാൽ, മുഹമ്മദ് അമൻ, സാജൻ, നവാസിഷ്, മൊഹ്സീന അഫ്താബ്, ഗസാല പ്രവീണ്‍, രഞ്ജൻ കുമാർ പ്രസാദ്, അഫ്ഷാൻ അൻജും എന്നിവരാണ് ഈ പ്രതിഷ്ഠാപനം ഉണ്ടാക്കിയിരിക്കുന്നത്.
തടിമില്ലിൽനിന്നും ശേഖരിച്ച വിറക് കഷണങ്ങൾ കൊണ്ടാണ് പ്രതിഷ്ഠാപനം മുഖ്യമായി ഉണ്ടാക്കിയിരിക്കുന്നത്. ഇരുന്പിൽ തീർത്ത ഫ്രെയിമിൽ തുണിയും പലക കഷണങ്ങൾ തറച്ചാണ് ഇതിന്റെ നിർമ്മാണരീതി. രണ്ട് കൈപ്പത്തികളും വശങ്ങളിലേക്ക് വച്ച് ആകാശത്തേക്കു നോക്കി അലറിക്കരയുന്ന ഈ രൂപം ആസിഫയുടെ മുഖമാണ് വരച്ചുകാട്ടുന്നത്.
കലാസൃഷ്ടിയിലെ വ്യക്തിഗതമായ താത്പര്യങ്ങളും നിർമാണ രീതികളും ഒഴിവാക്കി കൊണ്ടാണ് അലിഗഢ് സർവകലാശാലയിലെ വിദ്യാർഥികൾ ഈ പ്രതിഷ്ഠാപനം ഒരുക്കിയത്. സർവകലാശാലയിലെ അധ്യാപകരുടെയും ബിനാലെ ഫൗണ്ടേഷനിലെ ക്യൂറേറ്റർമാരുടെയും ഉപദേശകരുടെയും സഹായം ഇക്കാര്യത്തിൽ അവർക്ക് ലഭിച്ചു.
ഇന്നത്തെ വ്യവസ്ഥിതിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങളുടെ ഗൗരവമായ യാഥാർഥ്യം ജനങ്ങളിലെത്തിക്കാൻ കൂടിയാണ് ഈ പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത്. യാദൃശ്ചികമായാണ് ഉപയോഗ ശൂന്യമായ തടിക്കഷണങ്ങൾ കൊണ്ട് ഈ പ്രതിഷ്ഠാപനം ഉണ്ടാക്കിയതെങ്കിലും പല സന്ദർശകരും ഇതിന് നൽകിയ മാനം വ്യത്യസ്തമാണ്.