ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി മര്‍ദ്ദിച്ചതായി പരാതി.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും മറ്റു രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് അധ്യാപകന്റെ പരാതി.
കമ്പ്യൂട്ടര്‍ അധ്യാപകനായ സയ്യദ് വാസിഖ് അലിക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ക്ലാസില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചതോടെ കറുത്ത തുണികൊണ്ട് അധ്യാപകന്റെ മുഖം മൂടിയ ശേഷമായിരുന്നു മര്‍ദനം.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും മറ്റു രണ്ടു വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞ ശേഷം അവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തിരിച്ചറിയാത്ത മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. കുറ്റക്കാരായ മറ്റു വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.