കൊല്ലം :വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവരുതെന്നും അവര്‍ക്കുള്ള യാത്രാസൗജന്യങ്ങള്‍ നിഷേധിക്കരുതെന്നും ആര് ടി ഒ വി.സജിത്ത് അറിയിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം ജെ.മോബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെയും, ബസുടമകളുടെയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികള്‍ക്കാണ് രൂപം നല്‍കിയത്.
കുട്ടികള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ട സാഹചര്യങ്ങളിലും സര്‍ക്കാര്‍ അനുവദിക്കുന്ന അവധി ദിവസങ്ങളിലും യാത്രാ സൗജന്യം ലഭ്യമാക്കണമെന്ന് ബസുടമകള്‍ക്ക് നിര്‍ദേശം നല്കി. വിദ്യാര്‍ഥികളെ കയറ്റാതെയുള്ള ബസ് ട്രിപ്പുകള്‍ അനുവദിക്കില്ല. സ്വകാര്യ ബസുകളില്‍ ഡോറുകളടക്കം സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണം. രാവിലെ ആറു മുതല്‍ രാത്രി ഏഴു വരെയാണ് സൗജന്യ യാത്രാ ആനുകൂല്യം നല്‍കേണ്ടത്.
പൊതു അവധി ദിനങ്ങള്‍ ഒഴികെ തിങ്കള്‍ മുതല്‍ ശനി വരെ പഠിക്കുന്ന സ്ഥാപനത്തിലേക്ക് പോകുന്നതിനും തിരികെ വരുന്നതിനും സൗജന്യ യാത്രയ്ക്ക് അര്‍ഹത ഉണ്ടാകും.വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇനി മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്കുന്ന ഐ ഡി കാര്‍ഡുകളില്‍ എവിടെ മുതല്‍ എവിടെ വരെയാണ് യാത്ര എന്ന് രേഖപ്പെടുത്തണം. എമര്‍ജന്‍സി നമ്പറുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു.
വിദ്യാര്‍ഥികളുടെ തിരക്ക് കൂടുതലുള്ള കൊട്ടിയം, ആയൂര്‍, അഞ്ചല്‍, ഇത്തിക്കര, കൊട്ടാരക്കര പത്തനാപുരം, റൂട്ടുകളില്‍ കെ എസ് ആര് ടി സി ബസുകളുടെ എണ്ണം ഉയര്‍ത്തണം എന്ന് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇത്തരം റൂട്ടുകളില്‍ ഓടുന്ന ജന്റം ബസ്സുകളില്‍ കൂടി കണ്സഷന് വേണമെന്ന ആവശ്യം കെ എസ് ആര് ടി സിയുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പോലീസിന്റെ ക്രൈം സ്റ്റോപ്പര്‍ നമ്പറായ 1090 ല്‍ ബസ് നമ്പര്‍ സഹിതം വിളിച്ച് അറിയിക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ ചുവടെയുള്ള നമ്പറിലേക്ക് വിളിച്ചോ എസ് എം എസ് മുഖേനയോ പരാതികള്‍ നല്‍കാം.കൊല്ലം: ജോയിന്റ് ആര് ടിഒ – 8281786061, കരുനാഗപ്പള്ളി: 8547639023, കുന്നത്തൂര്‍ : 8547639061, കൊട്ടാരക്കര : 8547639024, പുനലൂര്‍ : 8547639025.
ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്ന വിദ്യാലയങ്ങളിലുള്ളവര്ക്ക് ജൂലൈ അവസാനം വരെ കണ്സഷന് കാര്‍ഡ് നിര്‍ബന്ധമാക്കില്ലെന്നും ആര് ടി ഒ അറിയിച്ചു.എ സി പി പ്രഫുല്ല കുമാര്‍, കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലെ ജോയിന്റ് ആര് ടി ഒമാര്‍, കെ എസ് ആര് ടി സിയിലെയും ഇതര വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍, ബസുടമകള്‍, വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.