കുരുന്നുകളുടെയും കൗമാരങ്ങളുടെയും കലപിലയിൽ വീണ്ടും സജീവമാകാനുള്ള പ്രതീക്ഷകളുടെ ചിറകിലേറിയിരിക്കുകയാണു വിദ്യാലയങ്ങൾ.
പ്രിയപ്പെട്ട ശിഷ്യരെ വരവേൽക്കാൻ വെന്പൽകൊള്ളുകയാണ് ഗുരുജനങ്ങൾ. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ കാണാനും സ്നേഹാഭിവാദ്യം നേരാനും തുടിക്കുകയാണു വിദ്യാർഥികളുടെ ഹൃദയം.
കോവിഡുയർത്തിയ നിയന്ത്രണങ്ങളിൽ പാതിജീവൻ നഷ്ടപ്പെട്ട വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന പ്രഖ്യാപനങ്ങളിൽ പഴയ ആവേശത്തിലേക്ക് നടന്നുതുടങ്ങിക്കഴിഞ്ഞു.
ഒന്നരവർഷത്തിന്റെ ഇടവേളയിൽ വീണ്ടും പ്രിയപ്പെട്ട വിദ്യാലയത്തിലേക്ക് ഓടിയെത്താൻ പച്ചക്കൊടി ലഭിച്ച സാഹചര്യത്തെ ജില്ലയിലെ വിദ്യാർഥികൾ വിലയിരുത്തുന്നത് ആവേശത്തോടെയാണ്. ആ വിശേഷങ്ങൾ ഇങ്ങനെ…
ഏറെനാളുകൾക്കുശേഷം സ്കൂൾ തുറക്കുന്നതിൽ സന്തോഷമുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് അധ്യാപകരെയും കൂട്ടുകാരെയും കാണുന്നത്.
പഠനവും-കളിയും ചിരിയും തമാശയുമായി ഞങ്ങളുടെ പഴയ ബാല്യകാലം തിരിച്ചുവരുന്നതിൽ സന്തോഷമുണ്ട്. ഇതുവരെ വാക്സിൻ ലഭിക്കാത്തത് ആശങ്ക ഉയർത്തുന്നുണ്ട്.
ഇപ്പോഴുള്ള പ്രതിരോധമാർഗങ്ങളോടു വിദ്യാർഥികൾ ഏത് രീതിയിൽ പ്രതികരിക്കുമെന്നതും ഗൗരവമായി എടുക്കണം.
പുസ്തക സഞ്ചിയും തോളിലേറ്റി കളിതമാശകൾ പറഞ്ഞ് ക്ലാസ് റൂമിലേക്ക് കാലെടുത്തു വയ്ക്കുന്ന സുന്ദരനിമിഷത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.
ആൻ മരിയ ബിജു
എട്ടാം ക്ലാസ്
ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ,ചെമ്മലമറ്റം
സ്കൂൾ തുറക്കുന്നത് വളരെ സന്തോഷം നൽകുന്നു. സുഹൃത്തുക്കളെയും അധ്യാപകരെയും നേരിട്ടു കാണാനാകുമെന്നതാണ് കാരണം.
സ്കൂൾ ബസ് കയറി പോകാനും പഴയ കൂട്ടുകാരെ കാണാനും ഓണ്‍ലൈൻ ക്ലാസിലൂടെ മാത്രം പരിചയമുള്ള പുതിയ കൂട്ടുകാരെ അടുത്തു കാണാനും കൊതിക്കുന്നു.
സാനറ്റ് മാത്യു
മൂന്നാം ക്ലാസ്
സെന്റ് മേരീസ് സ്കൂൾ, മണർകാട്
എങ്ങനെയെങ്കിലും സ്കൂൾ തുറന്നുകിട്ടിയാൽ മതിയായിരുന്നു. വീട്ടിലിരുന്ന് ബോറടിച്ചു. എത്ര നാളായി വീട്ടിലിരിക്കാൻ തുടങ്ങിയിട്ട്. കൂട്ടുകാരെ കാണാൻ കൊതിയായി.
സ്കൂളിൽ കൂട്ടുകാരുടെ കൂടെ കളിക്കാനും ഓടാനും ചാടാനുമൊക്കെ ഒത്തിരി ഇഷ്ടമാണ്. കാത്തിരിപ്പിന്റെ ആവേശമാണിപ്പോൾ.
അൽഫോൻസ് ബോബി
നാലാം ക്ലാസ്
അൽഫോൻസാ സ്കൂൾ, ഭരണങ്ങാനം
സാറുമ്മാരേം കൂട്ടുകാരേം കാണാല്ലോ? കാത്തിരിപ്പിനു വിരാമമിട്ട് കൂട്ടുകാർക്കൊപ്പം പൊളിക്കാം. മൊബൈൽ സ്ക്രീനിൽ മാത്രമായി ഒന്നരവർഷമായി കാണുകയും കേൾക്കുകയും ചെയ്യുന്ന അധ്യാപകരെ നേരിൽ കാണാനാണ് ഏറെ ആഗ്രഹം.
സ്കൂളിൽ പോകുന്ന സുഖം വല്ലതും കിട്ടുമോ ഇപ്പോഴത്തെ ക്ലാസിന്? ഒന്നിച്ചിരുന്നു കളിച്ചതും ചിരിച്ചതും ഭക്ഷണം പങ്കിട്ടതുമെല്ലാം ഇന്നലെപോലെ ഓർമയിലുണ്ട്.
ജൂബൽ ബെന്നി
ഏഴാം ക്ലാസ്
സെന്റ് ആൻസ് എച്ച്എസ്എസ് , കുര്യനാട്
സ്കൂൾ തുറക്കുന്നുവെന്ന് അറിഞ്ഞപ്പോൾ കൂട്ടുകാരെ നേരിൽ കാണാമെന്നതാണ് ഏറ്റവും വലിയ സന്തോഷം. ഓണ്‍ലൈൻ ക്ലാസിലിരുന്നാൽ അധ്യാപകർക്കും കൂട്ടുകാർക്കുമൊപ്പം ക്ലാസ് മുറിയിൽ ഇരുന്നു പഠിക്കുന്നതിന്റെ അന്തരീക്ഷം കിട്ടില്ലലോ.
സന്തോഷത്തോടൊപ്പം ആശങ്കയുമുണ്ട്. കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതും പ്രതിരോധ വാക്സിനെടുക്കാത്തതുമാണ് ആശങ്ക.
നിഖിത എലിസബത്ത് ബിജു
പ്ലസ് ടു
എകെജെഎം സ്കൂൾ, കാഞ്ഞിരപ്പള്ളി
സ്കൂളിൽ പോയി പഠിക്കാൻ സാധിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. അധ്യാപകരിൽനിന്നും നേരിട്ട് കേട്ടു പഠിക്കുന്നതിനേക്കാൾ മെച്ചമല്ല ഓണ്‍ലൈൻ ക്ലാസുകൾ. അപ്പോഴാണ് കുട്ടികളെ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും നന്നായി പ്രോത്സാഹിപ്പിക്കാൻ അധ്യാപകർക്ക് സാധിക്കുന്നത്. കൂട്ടുകാരുമൊത്ത് ഒന്നിച്ചു പഠിക്കുന്പോഴാണ് അത് ആസ്വാദ്യകരമാകുന്നത്.
സാന്ദ്രാ വർഗീസ് കരിക്കണ്ടത്തിൽ
പത്താക്ലാസ് വിദ്യാർഥിനി.
സെന്റ് തെരേസാസ്ഹൈസ്ക്കൂൾ, നെടുംകുന്നം
കടുത്ത നിയന്ത്രണങ്ങളിൽ നിന്നും ഇനി കൂട്ടുകാരെ നേരിട്ടു കാണാൻ കഴിയുമെന്ന സന്തോഷത്തിലാണ്. സ്കൂൾ തുറക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ടു പോകരുതെന്ന പ്രാർത്ഥനയിലാണ് ഞാനും എന്റെ കൂട്ടുകാരും.
ഓണ്‍ലൈൻ പഠനത്തിൽനിന്നുള്ള മോചനം വലിയ ആശ്വാസമാണ്. അധ്യാപകരും സഹപാഠികളും ഒത്തുള്ള ക്ലാസ് മുറിയിലെ പഠനത്തിനായി ഇനിയും ഒരു മാസം കൂടി കാത്തിരിക്കണമല്ലോ എന്ന വിഷമം മാത്രമാണിപ്പോൾ
ഷോണ്‍ ക്രിസ്റ്റി കാരക്കൽ
ഒന്‍പതാം ക്ലാസ് വിദ്യാർഥി
കേന്ദ്രീയ വിദ്യാലയം, പുതുപ്പള്ളി
കോവിഡ് വന്നതിൽ പിന്നെ വീട്ടിലിരുന്നുള്ള ഓണ്‍ലൈൻ പഠനം വളരെ ബുദ്ധിമുട്ടായാണ് തോന്നിയത്. ഇടയ്ക്കിടയ്ക്കുള്ള നെറ്റ് തകരാറും പരിസരത്ത് നടക്കുന്ന ശബ്ദകോലാഹലങ്ങളും ഓണ്‍ലൈൻ ക്ലാസിന് തടസമാകുന്നു.
ഫോണിൽ നോക്കിയിരുന്നുള്ള പഠനം ആകെ ബോറാണ്. കൂട്ടുകാരോടൊത്ത് പഠിക്കുന്നതും അധ്യാപകരിൻനിന്നും നേരിട്ടു പഠിപ്പിക്കുന്നതുമാണ് ഏറെയിഷ്ടം. എത്രയും പെട്ടെന്ന് സ്കൂൾ തുറക്കണമെന്നാണ് എന്റെ ആഗ്രഹം.
ടീനാമോൾ ബിനു
പത്താം ക്ലാസ്, മൗണ്ട് കാർമൽ ഗേൾസ് എച്ച്എസ്എസ്, കഞ്ഞിക്കുഴി.
സ്കൂളുകൾ തുറക്കുമെന്ന വാർത്ത കേട്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയത്. ഓണ്‍ലൈൻ ക്ലാസ് മടുത്തു.
മാതാപിതാക്കൾക്കൊപ്പം പുറത്തു പോകുന്പോൾ സ്കൂൾ കാണാറുണ്ട്. കൂട്ടുകാരോടൊത്ത് സ്കൂളിൽ പഠിക്കാൻ കഴിയാത്തതിൽ സങ്കടം വരും. ആദ്യമായി സ്കൂളിലേക്കു പോകുന്ന അനുജത്തിയേയും കൂട്ടി പോകാനാണ് ഈ കാത്തിരിപ്പ്.
ആദി ലക്ഷ്മി
നാലാം ക്ലാസ് വിദ്യാർഥിനി
സർക്കാർ എൽപി സ്കൂൾ. നെടുങ്കാവുവയൽ
പുറത്തിറങ്ങാതെ വീട്ടിലിരുന്നുള്ള ഓണ്‍ലൈൻ ക്ലാസ് കൂടി ബോറടിച്ചു. സ്കൂൾ തുറന്നാൽ കൂട്ടുകാരെ കാണാം. കായിക പരിശീലനം ഉഷാറാകും. എട്ടാം ക്ലാസിലും ഒന്‍പതിലും ഓണ്‍ലൈൻ ക്ലാസായതിനാൽ പഠനം അത്ര ശരിയായില്ല. ഈ വർഷം എസ്എസ്എൽസി പരീക്ഷയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. കുട്ടികൾ ഒന്നിച്ചു കൂടുന്പോൾ കോവിഡ് പരക്കുമോ എന്ന ഭയമുണ്ട്. എങ്കിലും സ്കൂൾ തുറക്കാൻ കാത്തിരിക്കുകയാണ്.
ജോയൽ മാത്യു
പത്താം ക്ലാസ് വിദ്യാർഥി
സെന്റ് അലോഷ്യസ് എച്ച്എസ്എസ്, അതിരന്പുഴ
പത്താം ക്ലാസിലും ഇപ്പോൾ പ്ലസ് വണ്‍ പഠനവും ഓണ്‍ലൈനിലായിരുന്നു. പ്രാക്ടിക്കൽ ക്ലാസുകളും ഒന്നും നടന്നില്ല. ഒരു ക്ലാസിൽ പോലും നേരിട്ടു പങ്കെടുക്കാതെയാണ് പരീക്ഷയ്ക്ക് ഇപ്പോൾ തയാറെടുക്കുന്നത്.
സ്കൂളിൽ നേരിട്ടെത്തി പഠിക്കാൻ കഴിയുന്നതാണ് നല്ലത്. സഹപാഠികളെ പരിചയപ്പെടാനും അധ്യാപകരെ നേരിൽ കാണാനും ലഭിക്കുന്ന അവസരം വിലപ്പെട്ടതാണ്. സിലബസ് വെട്ടിക്കുറച്ചതുമൂലം മത്സരാധിഷ്ഠിത പരീക്ഷകളിൽ പിന്തള്ളപ്പെടുമോ എന്ന ആശങ്കയുമുണ്ട്.
ക്രിസ്റ്റോ ജെ. ഷൈനിച്ചൻ
പ്ലസ് വണ്‍ വിദ്യാർഥി
സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ്, കുറുന്പനാടം
നീണ്ട ഇടവേളയ്ക്കുശേഷം വിദ്യാലയം തുറക്കുന്നു എന്ന അറിയിപ്പ് ശുഭപ്രതീക്ഷയോടെയാണ് ഞങ്ങൾ നോക്കിക്കാണുന്നത്. ശരിക്കും സ്കൂൾ വിദ്യാഭ്യാസ കാലത്തിന്റെ അവസാന കാലങ്ങളിലാണ് ഞങ്ങൾ.
സ്കൂൾ തുറന്നാൽ നേരിട്ട് അധ്യാപകരുടെ അടുക്കൽനിന്നും പഠിക്കാനും കൂട്ടുകാരോടൊപ്പമുള്ള ദിവസങ്ങൾ വീണ്ടെടുക്കാനും സാധിക്കും. അതോടൊപ്പം ആശങ്കകളും ഞങ്ങളുടെ മനസിലുണ്ട്. എങ്കിലും സ്കൂൾ തുറക്കുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ.
ദേവി പ്രശാന്ത്
പത്താം ക്ലാസ് വിദ്യാർഥിനി
ഗ്രേസി മെമ്മോറിയൽ എച്ച്എസ്, പാറത്തോട്.
ഏറേ നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറക്കുന്നതിന്റെ ആവേശമുണ്ട്. നാളുകളായി വീട്ടിലിരുന്നു ബോറടിച്ചു. സ്കൂളിലെത്തി കൂട്ടുകാർക്കൊപ്പം കൂടാനായി കാത്തിരിക്കുകയാണ്. കൂട്ടുകാരും ക്ലാസ് മുറികളും ഗ്രൗണ്ടും ടീച്ചർമാരേയുമൊക്കെ മിസ് ചെയ്യുന്നു.
ജസ്റ്റിൻ രാജേഷ്
ഏഴാം ക്ലാസ് വിദ്യാർഥി
സെന്റ് ആഗ്നസ് ഹൈസ്കൂൾ, മുട്ടുചിറ
കൂട്ടുകാരെയും അധ്യാപകരെയും കാണാതെ ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുത്ത് ഗൃഹപാഠം ചെയ്തു കൂട്ടുന്നതിന്റെ വിരസത ഇനി മാറും.
കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ സ്കൂൾ മുറ്റത്തുപോയിട്ടില്ല. കൂട്ടുകാരെ ഫോണിൽ വിളിച്ചു വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. അവരെ നേരിൽ കാണാനും തോളിൽ കയ്യിട്ട് സന്തോഷം പ്രകടിപ്പിക്കാനും ഗ്രൗണ്ടിൽ കളിക്കാനുമൊക്കെ സ്കൂളിൽ ഉടൻ എത്തണം.
ഓസ്റ്റിൻ ബിജു പറപ്പള്ളിൽ
ഏഴാം ക്ലാസ് വിദ്യാർഥി
ലിസ്യൂ ഇംഗ്ലീഷ് സ്കൂൾ , വൈക്കം
സ്കൂളിൽനിന്നു കഴിഞ്ഞ ദിവസം യൂണിഫോമും പുസ്തകങ്ങളും ലഭിച്ചതോടെ സ്കൂളിലേക്ക് പോകാൻ കാത്തിരിക്കുകയായിരുന്നു. ഓണ്‍ലൈൻ ക്ലാസ് രസകരമാണ്. എന്നാലും നേരിട്ടുള്ള ക്ലാസ് അതിലും രസകരമായിരിക്കുമല്ലോ. ഒരുപാട് കൂട്ടുകാരെ കാണാനും വിശേഷങ്ങൾ പറയാനും കൊതിച്ചിരിക്കുകയാണ്..
ഇതൾ എൻ. സുഭാഷ്
രണ്ടാം ക്ലാസ് വിദ്യാർഥിനി
ഗവണ്മെന്റ് എൽപി സ്കൂൾ, തോട്ടകം