പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: വിദ്യാർഥികളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ അത് സ്വകാര്യ ബസുകളിലും ബാധകമാവാൻ സാധ്യത.
വിദ്യാർഥികളുടെ യാത്രാക്കൂലി ഉയർത്തണമെന്നത് സ്വകാര്യ ബസ് ഉടമകളുടെ ദീർഘകാല ആവശ്യമായിരുന്നു. സ്വകാര്യ ബസ് വ്യവസായം നഷ്ടമാണെന്ന്ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർഥികൾക്കുളള യാത്രാ സൗജന്യം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടിരുന്നത്.
അവരുടെ മുഖ്യ ആവശ്യം വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കൂട്ടണം അഥവാ 50 ശതമാനം ആക്കണം എന്നതാണ്.
കെഎസ്ആർടിസി വിദ്യാർഥികളുടെ സൗജന്യ യാത്രയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന പുതിയ മാർഗ നിർദേശങ്ങൾ ഫലത്തിൽ സ്വകാര്യ ബസ് ഉടമകളുടെ ആവശ്യവും നേടിയെടുക്കാനുള്ള വഴി തെളിക്കുകയാണ്.
കെഎസ്ആർടിസി ടെ ഈ നിർദേശങ്ങൾക്ക് സർക്കാർ അംഗീകാരം നല്‍കാനാണ് സാധ്യത. കെഎസ്ആർടിസിയിൽ നടപ്പാക്കിയാൽ അത് സ്വകാര്യ ബസുകളിലും നടപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല.
ആദായ നികുതി നല്കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവില്ലെന്ന് കെഎസ്ആർടിസി കഴിഞ്ഞദിവസം പുറത്തിറക്കിയ പുതിയ മാർഗ നിർദേശത്തിലാണ് വ്യക്തമാക്കിയിട്ടുള്ളത്.
ബിപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കിൽ യാത്ര ഒരുക്കും. 25 വയസില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്സഷൻ നൽകില്ല.
കെഎസ്ആർടിസിക്ക് വരുമാന വർധന ഉണ്ടാക്കാൻ എന്ന നിലപാടിൽ ഇത് നടപ്പാക്കുമ്പോൾ വലിയ പ്രതിഷേധങ്ങൾക്കും സാധ്യതയില്ല.
ഇടതുമുന്നണി ഭരണം നടത്തുന്നതിനാൽ വിദ്യാർഥി പ്രസ്ഥാനങ്ങളിൽ മുൻപന്തിയിലുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം പേരിനുമാത്രമായി ഒതുങ്ങുമെന്നും കരുതപ്പെടുന്നു.