നടന് വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പൊതുപരിപാടി വന്‍ ജനശ്രദ്ധ നേടിയിരുന്നു.
പൊതു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ഒരു ചടങ്ങായിരുന്നു അത്.
234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഒട്ടേറെ പേര് പങ്കെടുത്തതോടെ വലിയ വിജയമായി.
അതിനിടെ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാര്‍ഥിനി നടത്തിയ പ്രസംഗമാണ് വൈറലാവുന്നത്.
വിജയ് അണ്ണന്റെ വാക്കുകളില്‍ നിന്നാണ് ഒരു വോട്ടിന്റെ മൂല്യം മനസ്സിലായതെന്നും തങ്ങളുടെ വോട്ടിന് മൂല്യമുണ്ടാകണമെങ്കില്‍ അണ്ണന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നുമായിരുന്നു വിദ്യാര്‍ഥിനി ആവശ്യപ്പെട്ടത്.
വിദ്യാര്‍ഥിനിയുടെ വാക്കുകള്‍…
എനിക്ക് അണ്ണനെ (സഹോദരനെ) ഒരുപാട് ഇഷ്ടമാണ്. ഞാന്‍ സ്വന്തം അണ്ണനായിട്ടാണ് കാണുന്നത്. സിനിമകളും എനിക്ക് വലിയ ഇഷ്ടമാണ്. ഓരോ സിനിമകളും എത്ര തവണ കണ്ടുവെന്ന് അറിയില്ല.
എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചത് എന്തെന്ന് വച്ചാല്‍, ഒരു വോട്ടിനെക്കുറിച്ച് എത്ര ആഴത്തില്‍ ഒരു കുട്ടിയ്ക്ക് പറഞ്ഞു കൊടുക്കാമോ അത്രയും നന്നായി അണ്ണന് പറഞ്ഞു കൊടുത്തിരിക്കുന്നു.
ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്റെ വോട്ടിന്റെ വില എന്തെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിന് അണ്ണാ, നിങ്ങള്‍ വരണം.
അണ്ണന് സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഗില്ലിയായിരിക്കണം. ഞങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് നേരേ കാരുണ്യത്തിന്റെ കൈകള്‍ നീട്ടിയതുപോലെ ഇനി വരാന്‍ പോകുന്ന എല്ലാത്തിനും തലൈവനാകണം. വിദ്യാര്‍ഥിനി കൂട്ടിച്ചേര്‍ത്തു.
അതേ സമയം വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയ്ക്ക് ശേഷം വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്.
ചടങ്ങില്‍ വിജയ് നടത്തിയ പ്രസംഗം ശ്രദ്ധനേടിയിരുന്നു. നാളത്തെ വോട്ടര്‍മാര്‍ നിങ്ങളെന്ന് വിജയ് കുട്ടികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും നടന് കുട്ടികളോട് വ്യക്തമാക്കി.
വിജയ് യുടെ വാക്കുകള്‍ ഇങ്ങനെ…നമ്മുടെ വിരല്‍ വെച്ച് സ്വന്തം കണ്ണുകളില്‍ തന്നെ കുത്തുകയെന്ന് കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോള്‍ നടക്കുന്നത്. കാശ് വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണ് ചെയ്യുന്നത്.
ഒരു വോട്ടിന് 1000 രൂപ എന്ന് വിചാരിക്കുക. ഒന്നര ലക്ഷം പേര്‍ക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കില്‍ 15 കോടി വരും.
ജയിക്കാന്‍ 15 കോടി ചെലവാക്കുന്നവര്‍ അതിലുമെത്ര അവര്‍ നേരത്തെ സമ്പാദിച്ച് കാണുമെന്ന് ചിന്തിച്ചാല്‍ മതി.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടികള്‍ക്ക് ഇതെല്ലാം പഠിപ്പിച്ച് കൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഓരോരുത്തരും കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണം. വിജയ് പറഞ്ഞു.