പത്തനാപുരം:സര്‍ക്കാര്‍ ധനസഹായം ലഭിക്കേണ്ട വിദ്യാര്‍ത്ഥികളെ വലച്ച് ബാങ്ക് അധികൃതര്‍.പിന്നാക്ക വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ പഠനത്തിനായി ധനസഹായം നല്‍കുന്നത്.എല്‍ പി തലത്തില്‍ ആദ്യഗഡുവായി പഠനോപകരണങ്ങള്‍ വാങ്ങാനായി രണ്ടായിരം രൂപയാണ് നല്‍കുന്നത്.
ഉയര്‍ന്ന ക്ലാസുകളില്‍ തുക ഉയരും.മുന്‍കാലങ്ങളില്‍ സ്കൂള്‍ മേധാവിയുടെ പേരില്‍ അര്‍ഹരായ മുഴുവന്‍ കുട്ടികളുടെയും തുക ട്രഷറി അക്കൗണ്ടില്‍ വരികയായിരുന്നു.ഈ തുക കുട്ടികള്‍ക്ക് കൈമാറും.എന്നാല്‍ സര്‍ക്കാര്‍ നല്കുന്ന പഠനസഹായം കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലാകും ഇനിയെത്തുക.അര്‍ഹരായ കുട്ടികളുടെ രേഖകള്‍ക്കൊപ്പം കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ് സി കോഡുമുള്പ്പെടെ സ്കൂള്‍ മേലധികാരി സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തണം.എല്‍പി തലത്തില്‍ മിക്ക കുട്ടികള്‍ക്കും ബാങ്ക് അക്കൗണ്ടില്ല.വിവരമറിഞ്ഞ് രക്ഷിതാക്കള്‍ കുട്ടികളുമായി ബാങ്കുകളില്‍ കയറിയിറങ്ങുകയാണ്.
സീറോ ബാലന്‍സ് അക്കൗണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി നല്‍കണമെന്ന നിര്‍ദേശമുണ്ടെങ്കിലും ഇത് പാലിക്കാന്‍ ബാങ്ക് അധികൃതര്‍ തയാറാകുന്നില്ല.മിക്കയിടങ്ങളിലും അക്കൗണ്ട് എടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞയക്കുകയാണ്.
ചില ബാങ്കുകളിലാകട്ടെ എഴുന്നൂറ് മുതല്‍ ആയിരം രൂപ വരെ ഈടാക്കിയാണ് അക്കൗണ്ട് അനുവദിക്കുന്നത്.ഇതും രണ്ടാഴ്ച കഴിഞ്ഞ് വരാന്‍ ആവശ്യപ്പെടുകയാണ് ബാങ്ക് അധികൃതര്‍.അധ്യയനം തുടങ്ങി ദിവസങ്ങള്‍ കഴിയുമ്പോള്‍ കുട്ടികളുടെ പഠനദിവസങ്ങളും ഇതിന്റെ പേരില്‍ നഷ്ടമാകുന്നുണ്ട്.