ഇടുക്കി: പീരുമേട്ടില് സ്കൂള് കുട്ടികള്ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. തലനാരിഴയ്ക്കാണ് കുട്ടികള് ആനയുടെ ആക്രമണത്തില് നിന്നും ഓടി രക്ഷപ്പെട്ടത്. പീരുമേട് മരിയഗിരി പബ്ലിക് സ്കൂളിലെ കുട്ടികള്ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഞെട്ടിക്കുന്ന സംഭവം.
ബസ് കാത്ത് സ്റ്റോപ്പില് നിന്ന സ്കൂള് കൂട്ടികള്ക്കു നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. കുട്ടികള് സ്കൂള് പരിസരത്തേക്ക് ഓടിക്കയറി ഗേറ്റ് പൂട്ടിയതിനാലാണ് വലിയ അപകടം ഒഴിവായത്. ഈ സമയം റോഡിലൂടെ വാഹനങ്ങളും സഞ്ചരിക്കുന്നുണ്ടായിരുന്നു. ഓടിയെത്തിയ കാട്ടാന പിന്നീട് തട്ടാത്തിക്കാനം വനമേഖലയിലേക്കു പോയി.
കഴിഞ്ഞ ഏതാനും ദിവസമായി കുട്ടിക്കാനം, പീരുമേട്, തട്ടാത്തിക്കാനം പ്രദേശത്ത് കാട്ടാനകള് തമ്പടിച്ചിട്ടുണ്ട്. എന്നാല് ഇവയെ തുരത്തുന്നതിനോ കാടു കയറ്റുന്നതിനോ വനം വകുപ്പ് ശ്രമം നടത്തിയിട്ടില്ല. പരാതി ഉയരുമ്പോള് മാത്രം പടക്കം പൊട്ടിച്ച് ആനയെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് മാറ്റുന്നതു മാത്രമാണ് ഇവര് ചെയ്യുന്നത്.
ഇതിനിടെയാണ് ഇന്നലെ സ്കൂള് വിട്ട സമയത്ത് മരിയഗിരി സ്കൂളിനു മുന്നില് കാട്ടാന എത്തിയത്. വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് വഴിമാറിയത്. ഓടിയെത്തിയ ആന കുട്ടികളെ ആക്രമിച്ചിരുന്നെങ്കില് വലിയ ആപത്തുതന്നെ സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാര് പറഞ്ഞു. ആനകള് ഭീതി വിതച്ചിട്ടും പ്രതിരോധ നടപടി സ്വീകരിക്കാത്ത വനം വകുപ്പിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.