ഷെയ്ഖ്പുര: ബിഹാറിലെ സർക്കാർ സ്കൂളിന് വിദ്യാർഥിനികളുടെ കുടുംബാംഗങ്ങളിൽ നിന്ന് ഭീഷണി. ഷെയ്ഖ്പുര ജില്ലയിലെ ചാരുവാനിലുള്ള ഉത്ക്രമിത് മധ്യ സ്കൂളിലെ പ്രിൻസിപ്പലാണ് ഇത് സംബന്ധിച്ച് പരാതി നൽകിയതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓം പ്രകാശ് സിംഗ് പറഞ്ഞു.
പ്രിൻസിപ്പൽ സത്യേന്ദ്ര കുമാർ ചൗധരിയുടെ രേഖാമൂലമുള്ള പരാതി പ്രകാരം നവംബർ 29 ന് ഒരു മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ നിരവധി കുടുംബാംഗങ്ങൾ സ്കൂളിൽ അതിക്രമിച്ച് കയറി.
ക്ലാസ് മുറിക്കുള്ളിൽ ശിരോവസ്ത്രം അഴിക്കാൻ ടീച്ചിംഗ് സ്റ്റാഫ് പെൺകുട്ടികളോട് ആവശ്യപ്പെട്ടത് അവർ ചോദ്യം ചെയ്തു. തങ്ങളുടെ പെൺകുട്ടികളെ അവരുടെ ആചാരങ്ങൾ പാലിക്കാൻ അനുവദിച്ചില്ലെങ്കിൽ സ്കൂൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് അവർ പ്രിൻസിപ്പലിനോട് പറഞ്ഞു.
പ്രിൻസിപ്പലിന്റെ പരാതി പ്രകാരം തങ്ങളുടെ ആവശ്യം ശ്രദ്ധിക്കാത്തവരുടെ തലവെട്ടുമെന്ന് കുടുംബാംഗങ്ങൾ മുന്നറിയിപ്പ് നൽകിയതായും ഡിഇഒ പറഞ്ഞു.
വിഷയം ഡിപ്പാർട്ട്മെന്റ് തലത്തിൽ അന്വേഷിക്കുകയാണെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് സ്കൂൾ സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിംഗ് വ്യക്തമാക്കി.