എരുമേലി: നാടിനെ ആശങ്കയിലാക്കി കാണാതായ കുട്ടികൾ തിരിച്ചെത്തിയപ്പോൾ ദുരൂഹത. ഇന്നലെ രാവിലെ പത്തോടെ നാല് കുട്ടികളും വനമിറങ്ങിയപ്പോൾ നാട്ടുകാരുടെ ആശങ്ക ഒഴിഞ്ഞെങ്കിലും ദുരൂഹതകൾ ബാക്കി.
വീട്ടുകാരും നാട്ടുകാരും പോലീസും വനപാലകരുമെല്ലാം ആശങ്കയിലായ മണിക്കൂറുകൾ ആണ് ഒടുവിൽ ആശ്വാസത്തിലേക്ക് വഴിമാറിയതെങ്കിലും നാല് കുട്ടികൾ വനത്തിനുള്ളിൽ ഒരു രാത്രി ചെലവിട്ടതിലെ യാഥാർഥ്യം ഇപ്പോഴും സംശയങ്ങളുടെ മുൾമുനയിൽ നിൽക്കുകയാണ് .
പതിനെട്ടിന് താഴെ പ്രായമുള്ള നാല് കുട്ടികളാണ് എലിവാലിക്കര ഈസ്റ്റിൽ വനത്തിൽ വിറക് ശേഖരിക്കാൻ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും പോയ ശേഷം കാണാതായി ഒരു പകലും ഒരു രാത്രിക്കും ശേഷം തിരികെ വീടണഞ്ഞത്. അയൽവാസികളാണ് നാലു പേരും.
ഞായറാഴ്ച രാവിലെ 11 മുതൽ ആണ് ഇവരെ കാണാതായത്. വൈകുന്നേരം ഇവർ വീടുകളിൽ തിരിച്ചെത്തിയില്ല. തുടർന്ന് നടന്ന തെരച്ചിൽ ഏറെ സാഹസമായിരുന്നു. രാത്രിയിൽ തെരയുന്നതിനിടെ വനത്തിൽ ആനയുടെ മുന്നിൽ പെട്ടവർ ജീവനും കൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. ആനകളുടെ വിഹാരകേന്ദ്രമായ കൊടുംകാട്ടിലാണ് നാല് കുട്ടികൾ ഒരു രാത്രി തങ്ങിയത്.
സമയം പോയതറിഞ്ഞില്ലെന്നും ഇരുട്ടായതോടെ വഴിയറിയാതെ വന്നപ്പോൾ ഒരു മരത്തിന്റെ ചുവട്ടിൽ കിടന്നുറങ്ങിയെന്നും പിറ്റേന്ന് രാവിലെ കാടിറങ്ങുമ്പോൾ തെരഞ്ഞെത്തിയവരെ കാണുകയായിരുന്നെന്നുമാണ് നാല് പേരും പോലീസിനോട് പറഞ്ഞത്.
ഇത് വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പോലീസ് താക്കീതും ഉപദേശവും നൽകി കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. വനത്തിൽ അമ്പഴങ്ങ പറിക്കാൻ പോയെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്. വീണ്ടും ചോദ്യം ചെയ്തപ്പോൾ ഇത് തന്നെ ആവർത്തിച്ചു.
എന്നാൽ, ഒരു പകലും രാത്രിയും ഇവർ വനത്തിൽ കഴിച്ചുകൂട്ടിയത് ഒന്നുകിൽ മദ്യമോ മറ്റേതെങ്കിലും ലഹരി ഉപയോഗിച്ച് മയങ്ങിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇതിലേക്കുള്ള സൂചനകൾ സംശയകരമായി നാട്ടിൽ വേണ്ടുവോളമുണ്ടെന്ന് സിഐ സുനിൽകുമാർ പറഞ്ഞു. കുട്ടികളെ തിരക്കിയിറങ്ങിയ പോലീസിനോട് രാത്രി മുഴുവനും റോഡിൽ ഇരിക്കുന്ന ഒട്ടേറെ യുവാക്കളും വിദ്യാർഥികളും ഉൾപ്പെടുന്ന കൂട്ടങ്ങൾ നാട്ടിലെ ദൈനംദിന കാഴ്ചയാണെന്ന് സ്ത്രീകൾ ഉൾപ്പെടെ നിരവധി നാട്ടുകാർ അറിയിച്ചിരുന്നു. ഇവർക്കിടയിൽ പലരും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാർ പോലീസിനോട് വ്യക്തമാക്കി.
ഇത് സംബന്ധിച്ച് കേസുകൾ പോലീസിൽ നേരത്തെ ലഭിച്ചിട്ടുമുണ്ട്. ഈ സാധ്യതകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്. ഒട്ടേറെ സംശയങ്ങൾ ഉണ്ടെന്നും വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. പോലീസിനും വനപാലകർക്കുമൊപ്പം തെരച്ചിലിൽ നാട്ടുകാരും പങ്കുചേർന്നു.
ലഹരിമയക്കത്തിൽ സ്കൂൾ വിദ്യാർഥികളും
കോട്ടയം: മദ്യവും കഞ്ചാവും കുട്ടികളിൽ പിടിമുറുക്കുന്നു. മുണ്ടക്കയം, എരുമേലി പ്രദേശങ്ങളാണ് ജില്ലയിലെ കഞ്ചാവ് വിൽപ്പനയുടെ കേന്ദ്രങ്ങൾ. ഇന്നലെയും മുണ്ടക്കയത്ത് കഞ്ചാവ് വിറ്റയാൾ പിടിയിലായിരുന്നു.
ഒരു വർഷത്തിനുള്ളിൽ മുണ്ടക്കയം മേഖലയിൽമാത്രം 60 കിലോയോളം കഞ്ചാവാണു പിടിയിലായത്. അറസ്റ്റിലായവർ ജാമ്യത്തിലിറങ്ങി വീണ്ടും വ്യാപാരം നടത്തുകയാണു പതിവ്. കന്പം, തേനി എന്നിവിടങ്ങളിൽനിന്നും ഇതര സംസ്ഥാന തൊഴിലാളികൾ വഴി ഒറീസ, ആന്ധ്ര, ബംഗാൾ എന്നിവിടങ്ങളിൽനിന്നും ജില്ലയിൽ കഞ്ചാവ് എത്തുന്നുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികളിലാണു വിൽപ്പനയേറെയും.
കഞ്ചാവ് ബീഡിയുടെ വിൽപ്പന എരുമേലിയിൽ മാസങ്ങളായുണ്ട്. ഇതിനൊപ്പം ലഹരി കിട്ടുന്ന പശ സാമഗ്രികളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്. എരുമേലിയിൽ തീർഥാടന സീസണിൽ കഞ്ചാവിന്റെയും വാറ്റുചാരായത്തിന്റെയും വിൽപ്പന പതിവാണ്.
ഇന്നലെ പ്രായപൂർത്തിയാകാത്ത നാലു കുട്ടികൾ ലഹരിയിൽ വനത്തിൽ അകപ്പെട്ടുപോയ സംഭവത്തെപ്പറ്റി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.