തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ക്യാന്പസിലെ ലേഡീസ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോസ്റ്റലിനുള്ളിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് ഹോസ്റ്റൽ ചുമതലയുള്ള അധികാരികളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഭക്ഷണം പാകം ചെയ്ത ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റി നിർത്തുകയും തുടർഅന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകി.
മുന്പും ഇത്തരത്തിൽ ഹോസ്റ്റൽ ഭക്ഷണത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് പിവിസി ഉൾപ്പടെയുള്ള അധികൃതരെ ഉപരോധിക്കുകയും കൃത്യനിർവഹണത്തിൽ വീഴ്ച്ച വരുത്തുന്ന ജീവനക്കാർക്കെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.
ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാനുള്ള കടുത്ത നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായി സമരരംഗത്തിറങ്ങുമെന്നും നേതാക്കൾ അറിയിച്ചു.