ആലപ്പുഴ: കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾക്കു കർശന നിയന്ത്രണമല്ല, നിരോധനം തന്നെയാണ് വേണ്ടതെന്നു തത്തംപള്ളി റെസിഡന്റ്സ് അസോസിയേഷൻ. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെ ബാലാവകാശങ്ങളെ ലംഘിച്ചു ഘോഷയാത്ര പാടില്ലെന്നാണ് ബാലാവകാശ സംരക്ഷണ നിയമ പ്രകാരം ഇപ്പോൾ കർശനനിർദേശം നല്കിയിട്ടുള്ളത്.
യുവജനോത്സവങ്ങളിലും വള്ളംകളികളിലും വിദ്യാർഥികളെ റോഡിലിറക്കി വിളംബര-സാംസ്കാരിക ഘോഷയാത്രകളും മറ്റും നടത്തുന്നത് അവസാനിപ്പിക്കണമെന്നു ടിആർഎ വർഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. എന്നാൽ ഇത്തരം ഘോഷയാത്രകളുടെ നടത്തിപ്പിന്റെ മേൽനോട്ടം കളക്ടറും ജില്ല പോലീസ് മേധാവിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കായതിനാൽ നടപടിയെടുത്തിരുന്നില്ല.
തുടർന്നു കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ശ്രദ്ധയിൽ 2017 ഓഗസ്റ്റ് രണ്ടിനു വിഷയം എത്തിച്ചു. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതിനാലാണ് മനസില്ലാമനസോടെ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ നിർബന്ധപൂർവം അയയ്ക്കുന്നതെന്നു മിക്ക വിദ്യാലയ അധികൃതരും രഹസ്യമായി സമ്മതിക്കാറുണ്ട്.
വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചാണ് ഘോഷയാത്രകൾക്കു കുട്ടികളെ എത്തിക്കുന്നത്. പരസ്യത്തിന്റെയും പ്രചാരണത്തിന്റെയും ഭാഗമായി വിദ്യാർഥികളെ സമ്മർദത്തിലൂടെ ഉപയോഗിക്കുന്നതിൽ അനേകം വർഷങ്ങളായി മാതാപിതാക്കളിൽനിന്നും എതിർപ്പുണ്ട്. ആൾക്കുട്ടത്തിനിടയിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ കുട്ടികൾ സഹിക്കുകയേ നിവൃത്തിയുള്ളു.
തിരക്കുകൂട്ടി നില്ക്കുന്ന ജനങ്ങൾക്കിടയിൽ കുട്ടികൾക്കു സുരക്ഷ ഏർപ്പെടുത്തുന്നതു ദുഷ്കരമാണ്. മഴയത്തോ വെയിലത്തോ വിദ്യാർഥികളെ ക്ലേശത്തിലാക്കി നടത്തുന്ന മണിക്കൂറുകൾ നീളുന്ന ഘോഷയാത്രാ വേളകളിൽ അനേകം കുട്ടികൾ ക്ഷീണിച്ചു മോഹാലസ്യപ്പെട്ടു വീഴാറുണ്ട്. മിക്കവർക്കും അടുത്ത ദിവസങ്ങളിൽ പനിയും ജലദോഷവും മറ്റ് അസുഖങ്ങളും പിടിപെടും.
ഇങ്ങനെയുള്ള അവസരങ്ങളിൽ പകർച്ചവ്യാധികൾ അതിവേഗമാണ് പടർന്നു പിടിക്കുന്നത്. മലിനമായി കിടക്കുന്ന റോഡുകൾ അതിന് ആക്കം കൂട്ടും. കെട്ടി നില്ക്കുന്ന ചെളിവെള്ളത്തിലൂടെയും മാലിന്യക്കൂനകളിലൂടെയുമാണ് കുട്ടികൾ പോകേണ്ടത്.
സ്വകാര്യ സംഘാടകരുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഘോഷയാത്രകളിൽ എതു ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നിർബന്ധിതമായി വിദ്യാർഥികളെ പങ്കെടുപ്പിച്ചു പരിപാടി സംഘടിപ്പിക്കുന്നതെന്നു അറിഞ്ഞുകൂടാ. ബാൻഡ് മേളവും പ്രച്ഛന്നവേഷവും മറ്റും ഇങ്ങനെ വിദ്യാർഥികളെ ഉപയോഗിച്ചു ഒരുക്കാറുണ്ട്.