പരീക്ഷ എഴുതാതിരിക്കുവാൻ കൈ ഒടിക്കുവാൻ ശ്രമിച്ച് വിദ്യാർഥികൾ. തൃശൂരിലെ ഒരു സ്കൂളിൽ ഒൻപതാം ക്ലാസിൽ ഒന്നിച്ച് പഠിക്കുന്ന നാല് കുട്ടികളാണ് പരീക്ഷ എഴുതാതിരിക്കുവാൻ അൽപ്പം കടന്ന് ചിന്തിച്ചത്.
മാർക്ക് കുറഞ്ഞാൽ തോൽക്കുമെന്ന ചിന്തയിലാണ് കൈ ഒടിക്കുകയെന്ന ആശയം ഇവരുടെ മനസിൽ കയറിപ്പറ്റിയത്. രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ കൂടി ഗൂഗിളിൽ തിരഞ്ഞാണ് ഇവർ ഇതിനുള്ള മാർഗം കണ്ടെത്തിയത്.
രണ്ടു ദിവസത്തെ ഇടവേളകളിൽ പ്ലാസ്റ്ററിട്ട് സ്കൂളിൽ വന്ന ഇവരെ കണ്ട അധ്യാപകർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്.
ബസിലേക്ക് കയറുന്നതിനിടെ വീണു, കളിക്കുന്നതിനിടെ വീണു, സ്കൂട്ടറിൽ കയറുന്നതിനിടെ വീണു എന്നിങ്ങനെയുള്ള മറുപടികളാണ് ഇവർ സ്കൂളിലും മാതാപിതാക്കളോടും പറഞ്ഞിരുന്നത്. കുട്ടികളുടെ അതിബുദ്ധിയെക്കുറിച്ച് അറിഞ്ഞ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ല. നാല് പേരെയും കൗണ്‍സിലിംഗിന് വിധേയരാക്കാനാണ് തീരുമാനം.