എംജെ ശ്രീജിത്ത്
തിരുവനന്തപുരം: ഓണവും ക്രിസ്മസും പുതുവർഷവുമായി എന്നിട്ടും സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കുള്ള യൂണിഫോം ഇതുവരെ വിതരണം ചെയ്തില്ല. സർക്കാർ പണം അനുവദിക്കാത്തതിനാൽ കടകളിൽ നിന്നും വാങ്ങിയ യൂണിഫോം വിതരണം ചെയ്യാൻ കഴിയാതെ സ്കൂൾ അധികൃതർ ബുദ്ധിമുട്ടുന്നു. പല സ്കൂളുകളിലേയും സ്റ്റോർ റൂമുകളിൽ യൂണിഫോം വിതരണം ചെയ്യാൻ കഴിയാതെ കെട്ടികിടക്കുകയാണ്.
സമഗ്ര ശിക്ഷാ കേരളം എന്ന പദ്ധതി പ്രകാരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സ്കൂളുകളിൽ യൂണിഫോം വിതരണം ചെയ്യുന്നത്. സർക്കാർ -എയിഡഡ് സ്കൂളുകളിലെ പെൺകുട്ടികൾക്കും എപിഎൽ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്കും എസ് സി-എസ്-ടി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുമാണ് പദ്ധതി പ്രകാരം യൂണിഫോം വിതരണം ചെയ്യുന്നത്.
പദ്ധതി ആദ്യം തുടങ്ങിയപ്പോൾ ഒരു കുട്ടിയ്ക്ക് 400 രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം 600 രൂപയാക്കി. എന്നാൽ ഇത്തവണ എത്ര രൂപയാണെന്നു പോലും ഇതുവരെ സ്കൂളുകൾക്ക് അറിയിപ്പ് നൽകിയിട്ടില്ല. 400 രൂപ ലഭിക്കുമെന്ന പ്രതീക്ഷയിൽ കുട്ടികൾക്കുള്ള യൂണിഫോം വിതരണം ചെയ്യുന്നതിനായി ടെക്സ്റ്റയിൽസ് ഉടമകളിൽ നിന്നും ക്വട്ടേഷൻ വാങ്ങി തുണികൾ വാങ്ങുകയും ചെയ്തു.
ഓണത്തിന് മുന്പ് യൂണിഫോമിനുള്ള പണം കഴിഞ്ഞ തവണ അനുവദിച്ചിരുന്നു. എന്നാൽ ക്രിസ്മസ് കഴിഞ്ഞ് പുതുവർഷം ആരംഭിച്ചിട്ടും പണം അനുവദിക്കാതെ സ്കൂളധികൃതരെ വിദ്യാഭ്യാസ വകുപ്പ് വട്ടം ചുറ്റിക്കുകയാണ്. പണം ലഭിക്കാത്തതിനാൽ വാങ്ങി വച്ചിരിക്കുന്ന യൂണിഫോം നൽകാതെ സ്കൂളധികൃതരും മിണ്ടാതിരിക്കുകയാണ്. യൂണിഫോം നൽകിയ കട ഉടമകളാകട്ടെ പണത്തിനായി സ്കൂളുകൾ കയറി ഇറങ്ങുകയുമാണ്.
ചില സ്കൂളുകൾ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ പിടിഎ ഫണ്ടിൽ നിന്നും പണമെടുത്ത് ടെക്സ്റ്റയിൽസ്കാർക്കു കൊടുക്കുകയും ചെയ്തു. സ്കൂളിന്റെ അടിസ്ഥാന വികസനത്തിനടക്കം ഉപയോഗിക്കേണ്ട പണമെടുത്താണ് യൂണിഫോം വാങ്ങിയ പണം നൽകിയത്. ഇതുകാരണം വൈദ്യുതി ബില്ലടയ്ക്കോനോ വെള്ളക്കരമടയ്ക്കാനോ നിവൃത്തിയില്ലാതെ പല സ്കൂളുകളും ബുദ്ധിമുട്ടുകയാണ്. പണമില്ലാത്തവർ യുണിഫോം വിതരണം ചെയ്തിട്ടുമില്ല.
നാട്ടിൻ പ്രദേശത്തുള്ളവരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരുമായ കുട്ടികൾക്കുമാണ് സർക്കാരിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും കെടു കാര്യസ്ഥത കാരണം ബുദ്ധിമുട്ടിലായത്. കഴിഞ്ഞ വർഷത്ത യൂണിഫോം ധരിച്ചാണ് കുട്ടികൾ സ്കൂളുകളിൽ എത്തുന്നത്. പലരുടേയും യൂണിഫോം കീറിയ നിലയിലുമാണ്. ഇതു തയ്യൽക്കടയിൽ കൊണ്ടുപോയി തുന്നിച്ചേർത്ത യൂണിഫോം ധരിച്ചാണ് പല കുട്ടികളും ഇപ്പോൾ സ്കൂളുകളിലെത്തുന്നത്.
ഇത്ര ദയനീയ അവസ്ഥയിൽ സംസ്ഥാനത്തെ കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നടത്തുന്പോഴും ഇതേക്കുറിച്ച് അന്വേഷിക്കുവാനോ നടപടിയെടുക്കുവാനോ ശ്രമിക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ കടുത്ത പ്രതിഷേധത്തിലാണ് സ്കൂളധികൃതരും.
ഇക്കാര്യം അറിഞ്ഞിട്ടും സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ സംഘടനയും ഇതിനെതിരെ പ്രതിഷേധിക്കുക പോലും ചെയ്തിട്ടില്ല. ഉച്ചഭക്ഷണവും പ്രഭാതഭക്ഷണം വിതരണം ചെയ്ത ഇനത്തിലും ലക്ഷങ്ങളാണ് സർക്കാർ സ്കൂളുകൾക്ക് നൽകാനുള്ളത്. പണമില്ലാത്തതിനാൽ പല സ്കൂളുകളും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നിർത്തിവച്ചിരിക്കുകയാണ്.