അധ്യാപന ജീവിതത്തിന് വിരാമമിട്ട് സ്കൂളിൽ നിന്നും പടിയിറങ്ങുന്ന പ്രധാനാധ്യാപകന് വിദ്യാർഥികൾ നൽകിയ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയുടെ രംഗങ്ങൾ വൈറലാകുന്നു. മിസോറാമിലെ ഐസ്വാളിൽ നിന്നുള്ളതാണ് ഈ രംഗം.
ലാൽറാം മാവ്യ എന്നാണ് ഈ അധ്യാപകന്റെ പേര്. ഒരു അധ്യാപകനെന്നതിലുപരി ഐസ്വാളിലെ സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്ക് സുഹൃത്തും രക്ഷിതാവും വഴികാട്ടിയുമെല്ലാമായിരുന്നു അദ്ദേഹം.
32 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ച ലാൽറാം കഴിഞ്ഞ 11 വർഷങ്ങളായി ഈ സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. കണക്കും കെമിസ്ട്രിയുമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്.
അവസാന ദിനം യാത്ര പറഞ്ഞിറങ്ങുന്ന അദ്ദേഹത്തിനു ചുറ്റും കൂടിയിരുന്ന കുട്ടികൾ വിങ്ങിപ്പൊട്ടിക്കരയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.