ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകമാകുന്നതായി പരാതി. ലഹരി മാഫിയകൾ കൂടുതലും ഹയർ സെക്കൻഡറി വിദ്യാർഥികളെയാണ് വലയിൽ വീഴ്ത്തി ഏജന്റുമാരാക്കി മാറ്റുന്നത്. ഇങ്ങനെ ഏജന്റുമാരാകുന്ന വിദ്യാർഥികളെ ഉപയോഗിച്ചാണ് പുതിയ ഉപഭോക്താക്കളായ വിദ്യാർഥികൾ ഉൾപ്പടെയുള്ളവരെയും മറ്റു ഏജന്റ്മാരെയും കണ്ടത്തുന്നത്.
ഒരു രസത്തിന് ലഹരി ഉപയോഗം തുടങ്ങുന്ന ഇവർ പിന്നിട് ഇതിന് അടിമയായി മാറുകയാണ്. ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ് ലഹരി ഉപയോഗം ആദ്യം തുടങ്ങുന്നത് ഇത് പിന്നീട് ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുകയായിരുന്നുവെന്ന് പേര് വെളുപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വിദ്യാർഥി പറഞ്ഞു.
ജീവിതം അടിച്ചു പൊളിക്കാൻ വെന്പൽ കൊള്ളുന്ന വിദ്യാർഥികളെ ഇതിന്റെ കച്ചവടക്കാരാക്കുന്നതാണ് ലഹരി മാഫിയായുടെ രീതി. ഇതിനായി പാവപ്പെട്ട കുട്ടികളെയാണ് കൂടുതലും തെരഞ്ഞെടുക്കുന്നത്. തുടക്കത്തിൽ ലഹരി മിഠായികളിൽ തുടങ്ങി ചെറു കഞ്ചാവ് പൊതികളിൽ വരെ എത്തുന്നതാണ് കച്ചവടരീതി.
ഏജന്റുമാരായി നില്ക്കുന്ന വിദ്യാർഥികൾക്ക് കമ്മീഷൻ ഇനത്തിൽ ചെറിയ തുകകൾ ലഭിക്കുന്നതോടെ ഇവരുടെ ജീവിത രീതിയിലും മാറ്റം വരുന്നു. തുടർന്ന് അടിപൊളി ജീവിതം ആഗ്രഹിക്കുന്ന ഈ കൂട്ടർ ആണ് പെണ് വ്യത്യാസമില്ലാതെ സഹപാഠികളെ സ്ഥിരം ഇടപാടുകരാക്കുന്നു. ഇതൊടെ കച്ചവടം പൊടിപൊടിക്കുന്നു.
ലഹരി മാഫിയിൽപെട്ട ആണ്സുഹൃത്തുക്കൾക്ക് വേണ്ടി ചില പെണ്കുട്ടികളും കാരിയറായി പ്രവർത്തിക്കുന്നുണ്ടന്ന് പറയപ്പെടുന്നു. ഒരു കിലോയിൽ താഴെയാണ് പിടിക്കപ്പെടുന്നതെങ്കിൽ ജാമ്യം കിട്ടുന്നത് കൊണ്ട് ചെറു പൊതികളാക്കി വില്പനയ്ക്കായി കൊടുക്കുന്ന രീതിയാണ് മാഫിയകൾ അവലംബിക്കുന്നതെന്ന് പറയുന്നു.
പിടിക്കപ്പെടുന്ന വിദ്യാർഥികൾക്ക് ജാമ്യം എടുക്കാനായി പ്രത്യക ടീം തന്നെ ഇവർക്ക് പിന്നിലുണ്ട്. വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനും എക്സൈസ് വകുപ്പിന്റെ നേത്യത്വത്തിൽ വിവിധ പരിപാടികളാണ് സ്കൂൾ കോളജ് കേന്ദ്രികരിച്ച് നടത്തി വരുന്നത് എന്നാൽ അവയുടെ സന്ദേശം എല്ലാവരിലും ശരിയായ രീതിയിൽ എത്താതെ പോകുന്നുവെന്ന് സ്കൂൾ അധികൃതർ പറയുന്നു.