രാത്രിയില്‍ അധികൃതര്‍ അറിയാതെ ഹോസ്റ്റലില്‍നിന്നും ചാടി കുമളിക്കുപുറപ്പെട്ട വിദ്യാര്‍ഥികളെ പോലീസ് പിടികൂടി മാതാപിതാക്കളെ ഏല്പിച്ചു. കോട്ടയത്തെ ഒരു പ്രമുഖ വിദ്യാലയത്തില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥികളാണ് ഇവര്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടില്‍നിന്നും വ്യാഴാഴ്ച രാത്രിയില്‍ ആരുമറിയാതെ കുമളിക്ക് പുറപ്പെട്ടത്. ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശാനുസരണം കാഞ്ഞിരപ്പിള്ളി ഡിൈവെസ്പി ജിജിമോന് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പിള്ളി കണ്ട്രോള് കം വെഹിക്കിള്‍സിലെ എഎസ്ഐ ഷംസുദീന്‍, സിപിഒമാരായ ഫിലിപ്പുകുട്ടിവര്ഗീസ്, സന്തോഷ് എന്നിവര്‍ പട്രോളിംഗിനിടയില്‍ പൊന്‍കുന്നും സ്വകാര്യബസ് സ്റ്റാന്‍ഡില്‍ രാത്രി 11–ന് വിദ്യാര്‍ഥികളെ കണ്ട് ഇവരുടെ സമീപത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഇവരുടെ ഒളിച്ചോട്ടം അറിവായത്.
ഉദ്യോഗസ്ഥര്‍ മൂന്നു വിദ്യാര്‍ഥികളെയും പൊന്‍കുന്നം സ്റ്റേഷനിലെത്തിച്ചു. മല്ലപ്പിള്ളി, കോഴഞ്ചേരി, ആലപ്പുഴ, തത്തംപിള്ളി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് വിദ്യാര്‍ഥികള്‍. മൂവരുടെയും കൈവശം പുതിയ രണ്ടായിരത്തിന്റേതുള്പ്പെടെ നാലായിരം രൂപ വരെ കണ്ടെത്തുകയും ചെയ്തു. പൊന്‍കുന്നം സിഐ ഇ.ടി. സുബ്രഹ്മണ്യം മൂവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി ഇവരോടൊപ്പം വിദ്യാര്‍ഥികളെ പറഞ്ഞുവിട്ടു. കുമളിയിലെത്തി രണ്ടുദിവസം കറങ്ങാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി പണവും തയാറാക്കി വച്ചിരുന്നു. എന്നാല്‍ കാഞ്ഞിരപ്പള്ളിയില്വച്ച് ചായ കുടിക്കാനിറങ്ങിയതാണ് പിള്ളേരുടെ പദ്ധതി തെറ്റിച്ചത്. അതേസമയം ഇവര്‍ക്കൊപ്പം പെണ്പിള്ളേര് ഉണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.