കോട്ടയം: കൊല്ലത്തുനിന്നു കാണാതായ 14 വയസുകാരായ മൂന്നു പേരെ കണ്ടെത്തി കോട്ടയം റെയില്‍വേ പോലീസ്. ചൊവ്വാഴ്ചയാണ് കൊല്ലം അഞ്ചലില്‍നിന്നു മൂന്നു വിദ്യാര്‍ഥികള്‍ കുഴിമന്തി കഴിക്കാനായി വീടുവിട്ടിറങ്ങിയത്. ബന്ധുക്കളുടെ പരാതിയില്‍ അഞ്ചല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് സംഘം കോട്ടയം റെയില്‍വേ പോലീസിനു കുട്ടികളുടെ ചിത്രം സഹിതം വിവരമറിയിച്ചു. തുടര്‍ന്ന് റെയില്‍വേ എസ്പി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശാനുസരണം റെയില്‍വേ പോലീസ് സംഘം പരിശോധനയും ശക്തമാക്കി. കേരളത്തിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും കുട്ടികള്‍ക്കായി അന്വേഷണവും ആരംഭിച്ചു.
കുട്ടികളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ കൈമാറിയാണ് അന്വേഷണം നടത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ കോട്ടയം റെയില്‍വേ എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ ട്രെയിനിലെ ജനറല്‍ കോച്ചിൽ കുട്ടികളെ കണ്ടെത്തി.
തുടർന്ന് റെയില്‍വേ പോലീസ് എസ്പിയെ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പോലീസ് സംഘം സ്ഥലത്തെത്തി കുട്ടികളെ ഏറ്റെടുത്തു.
നാട് ചുറ്റിക്കാണാന്‍ മദ്രാസിനു പോകുകയായിരുന്നെന്ന് കുട്ടികള്‍ എസ്എച്ച്ഒ റെജി പി. ജോസഫിനോട് പറഞ്ഞു. പരിശോധനയില്‍ എഎസ്ഐ സന്തോഷ് കെ.നായര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനു, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ എസ്. സുനില്‍കുമാര്‍, ആര്‍പിഎഫ് എസ്ഐ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.