കോഴിക്കോട്: എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നു നൽകി കാരിയറാക്കിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് വിട്ടയച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കേസ് 27 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
പോലീസിനെതിരായ വികാരം ശക്തിപ്പെടുന്നതിനിടെ ലഹരി മാഫിയയുടെ ഇരയായ പെൺകുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കാന്‍ തീരുമാനിച്ചു.
കുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കിട്ടാൻ കൂടിയാണ് കൗൺസിലിംഗ് നടത്തുന്നത്. ഇതോടൊപ്പം ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി സിസിടി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്.
ലഹരി കൈമാറ്റം നടന്നതായി കുട്ടി പറയുന്ന തലശേരിയിലെ സ്വകാര്യ മാളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.
ലഹരി സംഘം കെണിയിൽ പെടുത്തിയ 13കാരിയുടെ സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
അന്ന് ഗൗരവമില്ല, ഇന്ന് പോലീസ് ‘ഓടി നടക്കുന്നു’
കേസന്വേഷണ പുരോഗതി വിലയിരുത്താന്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്. നായര്‍ ചോമ്പാല പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത കാര്യത്തില്‍ പോലീസിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിഐജി സ്റ്റേഷനില്‍ എത്തിയത്.
അന്വേഷണ സംഘത്തിനു നേതൃത്വം നല്കുന്ന വടകര ഡിവൈഎസ്പി ആര്. ഹരിപ്രസാദ് അടക്കമുള്ള ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
ഡിസംബര്‍ രണ്ടിനാണ് പെണ്‍കുട്ടി ചോമ്പാല പോലീസില്‍ പരാതി നല്‍കിയത്. ലഹരിസംഘം തനിക്കു മയക്കുമരുന്നു നല്കിയതും കാരിയറാക്കിയതുമടക്കമുള്ള കാര്യങ്ങള്‍ പെണ്‍കുട്ടി പോലീസിനു നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
ലഹരികൈമാറ്റത്തിനു വിസമ്മതിച്ച പെണ്‍കുട്ടിയെ സംഘം ഭീഷണിപ്പെടുത്തിയ കാര്യവും മൊഴിയിലുണ്ടായിരുന്നു. എന്നാല്‍, പോലീസിന്റെ എഫ്ഐആറില്‍ ലഹരി മരുന്നിനെക്കുറിച്ച് പരമാര്‍ശിക്കാതെ മാനഭംഗ ശ്രമത്തിനു മാത്രം കേസ് രജിസ്റ്റര്‍ ചെയ്തത് വിവാദത്തിനു വഴിവച്ചിരുന്നു.
പോലീസ് മയക്കുമരുന്ന് മാഫിയയ്ക്ക് കുട പിടിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു. മയക്കുമരുന്ന് സംഘം പോലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ വച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസിന്റെ വീഴ്ചയ്ക്കെതിരേ വിവിധ സംഘടനകള്‍ ഇന്നലെ ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.