കോഴിക്കോട് : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും വര്‍ധിക്കുന്നതായി എക്സൈസ്. സ്കൂള്‍ ,കോളജ് തലങ്ങളില്‍ വിദ്യാര്‍ഥികളാണ് മയക്കുമരുന്ന് വില്പന നടത്തുന്നതെന്നും വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതിനായി പ്രത്യേകം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും എക്സൈസിന് വിവരം ലഭിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ട് കയറി പരിശോധന നടത്തില്ലെന്നതിനാലാണ് ഇവിടം കേന്ദ്രമാക്കി വില്പനയും ഉപയോഗവും വര്‍ധിച്ചത്. നിലവിലെ സാഹചര്യത്തില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും പുറത്ത് നിന്നുള്ള പരിശോധന കൂടാതെ അകത്ത് കയറി പരിശോധിക്കാനും നിരീക്ഷിക്കാനുമാണ് എക്സൈസ് തീരുമാനിച്ചത്. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നതോ വില്പന നടത്തുന്നതോ ശ്രദ്ധയില്‍പെട്ടാല്‍ സ്കൂള്‍ അധികൃതരുടെ അനുമതിയോടെ പിടികൂടും.
പല സ്കൂളുകളിലും കോളജുകളിലും എക്സൈസ് ബോധവത്കരണം നടത്തുന്നുണ്ട്. ഇതിനു പുറമേയാണ് ആവശ്യമെങ്കില്‍ പരിശോധന നടത്താനും തീരുമാനിച്ചത്. ഇതിന് സ്കൂള്‍ ,കോളജ് അധികൃതരുടെ സഹകരണം പ്രതീക്ഷിക്കുന്നതായി എക്സൈസ് അസി.കമ്മീഷണര്‍ വി.ആര് . അനില്‍കുമാര്‍ അറിയിച്ചു.
മേയ് മാസത്തില്‍ മാത്രം 30 മയക്കുമരുന്ന് കേസുകളും 253 പുകയില കേസുകളുമാണ് കോഴിക്കോട് ജില്ലയില്‍ മാത്രം എക്സൈസ് രജിസ്റ്റര്‍ ചെയ്തത്. പിടിക്കപ്പെട്ടതിലേറെയും കൗമാരക്കാരാണ്. 19 മയക്കു ഗുളികകളും പിടികൂടിയിട്ടുണ്ട്. 18 വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. ഈ മാസം പിടിക്കപ്പെട്ട കേസുകള്‍ കൂടി ആകുമ്പോള്‍ ജില്ലയില്‍ മയക്കുമരുന്ന് വില്പനയുടെ വ്യാപ്തി ഏറി വരികയാണെന്ന് മനസിലാകുമെന്ന് കമ്മീഷണര്‍ പറഞ്ഞു.
186 ലിറ്റര്‍ വിദേശമദ്യമാണ് കഴിഞ്ഞമാസം മാത്രം പിടികൂടിയത്. 73 അബ്കാരികേസുകളും പിടികൂടി. എടുക്കുന്നകേസുകളുടെഎണ്ണം കൂടുന്നതിനനുസരിച്ചുതന്നെ ഉപയോഗവും വര്‍ധിച്ചുവരുന്ന അവസ്ഥയാണ്. ഈ മാസം മാത്രം 10 കിലോ കഞ്ചാവാണ് പിടിച്ചത്. നിരോധിച്ച പാന്‍ മസാലകള്‍ നാട്ടില്‍ സുലഭമാണ്. വന്‍ തോതില്‍ ഇത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ മാത്രമാണ് ഹാന്‍സ് നിരോധിച്ചത്.
മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി ഇത് കേരളത്തില്‍ എത്തുന്നുണ്ട്. ഹാന്‍സ് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ 200 രൂപ പിഴ ഈടാക്കാനേ വകുപ്പുള്ളൂ എന്നത് വില്പന വ്യാപകമാകുന്നതിന് കാരണമാകുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. തുടര്‍മാസങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. ലഹരി വില്പനയില് ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടപെടലുകളും വര്‍ധിച്ചുവരുന്നുണ്ട്.