കൊല്ലം : സ്കൂൾ കുട്ടികളുമായ പോയ വാഹനത്തിലെ ഡ്രൈവർ കുട്ടികൾക്ക് നേരെ ചൂരൽപ്രയോഗം നടത്തി. കുട്ടികളെ തല്ലാന്‍ പാടില്ലെന്ന നിയമം നിലനിൽക്കുന്പോഴാണ് ഡ്രൈവർ കുരുത്തകേട് കാട്ടുന്നു എന്ന് കാരണം പറഞ്ഞ് കുട്ടികളെ ചൂരൽ ഉപയോഗിച്ച് തല്ലിയത്.
ഇന്നലെ രാവിലെ രാമൻകുളങ്ങരയ്ക്ക് സമീപം വാഹനം നിർത്തിയായിരുന്നു കുട്ടികളെ തല്ലിയത്. സ്വകാര്യ സ്കൂളിലെ പത്തോളം കുട്ടികളായിരുന്നു യൂണിഫോമിൽ വാഹനത്തിലുണ്ടായിരുന്നത്. കുട്ടികളെ തല്ലുന്നത് കണ്ട് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനോട് കുട്ടികളുടെ രക്ഷിതാക്കൾക്കില്ലാത്ത വിഷമം തനിക്ക് വേണ്ടെന്ന് കയർക്കുകയും ഫോട്ടോ എടുത്തതിന് ചീത്ത പറയുകയും ചെയ്തു.
വാഹനം കാവനാട് കുരീപ്പുഴ ഷമീറിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ആർടിഒ തുളസീധരൻപിള്ള അറിയിച്ചു. കുട്ടികളെ വടി ഉപയോഗിച്ച് തല്ലിയതിനെതിരെ ജില്ലാ ചൈൽഡ് ലൈൻ കേസെടുത്ത് അന്വേഷണമാരംഭിച്ചു.