കണ്ണൂർ: ഉമ്മ കൊടുത്ത ആയിരം രൂപ നഷ്ടപ്പെട്ട മനോവിഷമത്തിൽ നാടുവിടാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പതിനേഴുകാരിക്ക് കണ്ണൂർ റെയിൽവേ പോലീസ് ആശ്വാസമായി. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ കയറാൻ പോകുന്നതിനിടെ സംശയം തോന്നിയ റെയിൽവേ എഎസ്ഐ അക്ബർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ്കുമാർ എന്നിവർ കുട്ടിയെ തിരിച്ചുവിളിച്ച് കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് വീട്ടിൽ നിന്നും ഉമ്മ തന്ന ആയിരം രൂപ കാണാതായെന്നും ഇതെതുടർന്ന് ഉമ്മ വഴക്കുപറയുമെന്ന വിഷമത്തിലാണ് താൻ നാടുവിടാൻ ഒരുങ്ങിയതെന്നും പതിനേഴുകാരി പോലീസിനോടു പറഞ്ഞത്.
പെൺകുട്ടികൾക്കെതിരേയുള്ള അതിക്രമം രാജ്യത്ത് വ്യാപകമായിരിക്കെ പോലീസിനെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 50 രൂപ മാത്രമാണ് ഈസമയം കുട്ടിയുടെ കൈവശമുണ്ടായത്. ഉടൻ വീട്ടുകാരെ വിവരം അറിയിക്കുകയും വീട്ടുകാരെത്തി കുട്ടിയെ തിരിച്ചുകൊണ്ടുപോവുകയുമായിരുന്നു.
ഇതേ ദിവസം തന്നെ കോഴിക്കോട്ടെ ചൈൽഡ് ഹോമിൽ നിന്നും രക്ഷപ്പെട്ട പതിനേഴുകാരനും ട്രെയിനിൽ മംഗളൂരുവിലെത്തി തിരിച്ച് വരുന്ന വഴി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. സ്റ്റേഷനിലിറങ്ങിയ പതിനേഴുകാരനെയും കണ്ണൂർ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി ബന്ധുക്കൾക്ക് കൈമാറിയിരുന്നു. സംശയം തോന്നിയ പോലീസ് കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കോഴിക്കോട്ടെ ഒരു ചൈൽഡ് ഹോമിൽ നിന്നും രക്ഷപ്പെട്ടതാണെന്നു മനസിലായത്.
ഇതിനിടെ മകനെ അന്വേഷിച്ച് അമ്മ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. അമ്മ തിരിച്ചുപോയ സമയത്താണ് പതിനേഴുകാരൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നത്. ഉടൻ തന്നെ പോലീസ് അമ്മയെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയശേഷം കുട്ടിയെ അമ്മയ്ക്കു കൈമാറുകയായിരുന്നു.