കോഴിക്കോട്: സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ലൈസൻസില്ലാതെ ബൈക്കിൽ വിലസുന്നതു തടയാൻ കർശന നടപടിക്കൊരുങ്ങി പോലീസ്. രക്ഷിതാക്കൾക്കെതിരേ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കാനാണ് തീരുമാനം. മൂന്നുവർഷം വരെ തടവുലഭിക്കാവുന്നകുറ്റമായിരിക്കും ഇവർക്കെതിരേ ചുമത്തുക. ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടിയെടുക്കുകയെന്ന് ട്രാഫിക് അസി. കമ്മീഷണർ എ.കെ. ബാബു അറിയിച്ചു.
നഗരത്തിൽ സ്കൂൾ കുട്ടികൾ യുണിഫോമിലും മറ്റും ബൈക്കിൽ കറങ്ങുന്നത് പതിവായ സാഹചര്യത്തിലാണ് തീരുമാനം. നിരവധിതവണ നിർദേശം നൽകിയിട്ടും സ്കൂൾ അധികൃതരോ, രക്ഷിതാക്കളോ നിയമലംഘനത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നില്ല എന്ന ആക്ഷേപം ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് കർശനമായി നിയമം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന സ്കൂളുകൾ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടത്തുക. ഇതിനായി ഓരോ സ്കൂളിലും പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തും.
പ്രായപൂർത്തിയാകാത്തവർ ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് നേരത്തെ തന്നെ നിർദേശമുണ്ടായിരുന്നുവെങ്കിലും സ്കൂളിനു പുറത്തുള്ള കാര്യത്തിൽ ഇടപെടില്ലെന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചത്. സ്കൂൾ അധികൃതരുടെ കണ്ണുവെട്ടിക്കാൻ സ്കൂളിൽ നിന്നും മാറി ദൂരത്ത് ബൈക്ക് കൊണ്ട ുവയ്ക്കാറാണ് പതിവ്. ഉച്ചഭക്ഷണസമയത്തും മറ്റും ബൈക്കുമായി കറങ്ങും. പലരും യൂണിഫോമിൽ തന്നെയാണ് യാത്രചെയ്യാറെങ്കിലും വ്യാപകമായ പരിശോധന ഇതുവരെ നടന്നിരുന്നില്ല. ഇതിന് ഒരു മാറ്റം വരുത്തുകയാണ് ലക്ഷ്യം.
പിടിച്ചാൽ തന്നെ പിഴ അടച്ച് രക്ഷപ്പെടുകയാണ് പതിവ്. എത്രബോധവത്കരിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ട ാകാറില്ലെന്നതാണ് യാഥാർഥ്യം.നഗരത്തിൽ മാത്രം ഹെൽമറ്റ് ധരിക്കുകയും നഗരം വിട്ടുകഴിഞ്ഞാൽ നൂ-ജൻ സ്റ്റൈലിൽ ബൈക്കോടിക്കുകയുമാണ് പതിവ്. വെള്ളിമാടുകുന്നിലെ ജെഡിറ്റി വിദ്യാഭ്യാസ സ്ഥാപനം, സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ, ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ, ഹിമായത്തുൽ ഇസ്ലാം സ്കൂൾ, തുടങ്ങി മിക്ക സ്കൂളുകളിലും വിദ്യാർഥികൾ നിയമവിരുദ്ധമായി ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
ലൈസൻസ് എടുക്കാനുള്ള കുറഞ്ഞപ്രായം 18 വയസാണ്. 16 ആയാൽ 50 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾ ഓടിക്കാം . ഇങ്ങനെ ലൈസൻസ് നേടുന്നവരാണ് നൂറും, 150 ഉം, 350 സിസിയുള്ള വാഹനങ്ങളിൽ പറക്കുന്നത്., വിദ്യാർഥികൾ സ്കൂളുകളിലേക്ക് വാഹനവുമായി എത്താതിരിക്കാൻ കർശന നിയമങ്ങളും നിയന്ത്രണങ്ങളും പല സ്കൂളുകളും നടപ്പിലാക്കിയിട്ടുണ്ട ്. എന്നാൽ ഇവയെല്ലാം കാറ്റിൽ പറത്തിയാണ് ചില വിദ്യാർഥികൾ എത്തുന്നത്.സ്കൂളിന് സമീപമുള്ള വീടുകളിലും പരിസരത്തുമാണ് വാഹനങ്ങൾ പലരും സൂക്ഷിക്കുന്നത്. ക്ലാസുകൾ കട്ട് ചെയ്ത് വാഹനങ്ങളിൽ കറങ്ങി നടക്കാനാണ് കൗമാരക്കാരിലേറെയും ഇഷ്ടപ്പെടുന്നത്.
ശ്രദ്ധനേടാനായി ബൈക്കുകളിലെ സൈലൻസറുകൾ ഉൗരിമാറ്റി വലിയ ശബ്ദമുണ്ടാക്കി നിരത്തുകളിൽ ശബ്ദമലിനീകരണം സൃഷ്ടിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരും കുറവല്ല. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണുവാൻ ഇരുചക്ര വാഹനങ്ങളിൽ ഉപയോഗിക്കുന്ന റിയർവ്യൂ മിററുകൾ പലതിലും ഇല്ല. ഇവ നീക്കം ചെയ്യുന്നതാണ് പുത്തൻ സ്റ്റൈലെന്നാണ് വിദ്യാർത്ഥികൾ തന്നെ പറയുന്നത്.