കൂത്താട്ടുകുളം: കൂത്താട്ടുകുളം രാമപുരം ജംഗ്ഷനിലെ ബസ് സ്റ്റോപ്പില്‍നിന്നു കളഞ്ഞുകിട്ടിയ പഴ്സും 23,309 രൂപയും ഉടമസ്ഥനായ അന്യ സംസ്ഥാന തൊഴിലാളിക്ക് തിരികെ നല്കി കീഴൂര്‍ ഡിബി കോളജ് വിദ്യാര്‍ഥികള്‍ മാതൃകയായി. പുതുവേലി ഭാഗത്തു താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ ദിലീപ് ശര്‍മ ഇന്നലെ രാവിലെ ജോലിക്ക് പോകാനായി മുത്തോലപുരത്ത് എത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടവിവരം അറിയുന്നത്.
യാത്രയ്ക്കിടെയാണ് പഴ്സ് നഷ്ടപ്പെട്ടതെന്നു സംശയം തോന്നി ഓട്ടോറിക്ഷയില്‍ തലയോലപ്പറമ്പു വരെ ബസിനെ പിന്തുടര്ന്ന് അന്വേഷണം നടത്തിയെങ്കിലും കിട്ടിയില്ല. കോളജില്‍ പോകാനായി കൂത്താട്ടുകുളത്ത് എത്തിയ കിരണ്‍ ബാബു, അഖില്‍ ഷാജി, സോള്ജു എന്നിവര്‍ക്കാണ് പഴ്സ് ലഭിച്ചത്. ഇവര്‍ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെത്തി പഴ്സ് കൈമാറി. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉടമയെ കണെ്ടത്തുകയായിരുന്നു. പിന്നീട് സ്റ്റേഷനിലെത്തി ഉടമ പഴ്സ് കൈപ്പറ്റി. നഷ്ടപ്പെട്ട പഴ്സ് ഉടമയ്ക്ക് തിരികെ നല്കിയ വിദ്യാര്‍ഥികളുടെ സത്യസന്ധത നാടിനു മാതൃകയായി.