ചാവക്കാട്: ഇനി ക്യൂ നിൽക്കേണ്ട. കയറി ഇരിക്കാം. വിദ്യാർഥികളെ ബസ് ജീവനക്കാർ വരിനിർത്തുകയാണെന്നും ബസിൽ കയറ്റുന്നില്ലെന്നും പരാതിയെത്തുടർന്നാണ് വിദ്യാർഥികളെ ഇനി മുതൽ വരി നിർത്താതെ ബസിൽ കയറ്റാൻ തീരുമാനം. വിദ്യാർഥികളെ മാറ്റി നിർത്തുന്നത് അവസാനിപ്പിച്ച് വിദ്യാർഥികളും ബസ് ഉടമ- തൊഴിലാളികളും നല്ല സൗഹൃദം ഉണ്ടാക്കാൻ ചാവക്കാട് പോലീസ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
ചാവക്കാട് മേഖലയിലെ ബസ് തൊഴിലാളികളും വിദ്യാർഥികളും മറ്റു പ്രദേശത്തുകാർക്ക് മാതൃകതീർക്കും. സാധാരാണ യാത്രക്കാരെ പോലെ സീറ്റിൽ ഇരിക്കുന്നതിനും തടസമില്ല. ഭാവി പൗരൻമാരായ വിദ്യാർഥികളും ജീവിതമാർഗം തേടുന്ന തൊഴിലാളികളും തമ്മിൽ നല്ല ബന്ധം നിലനിർത്താനും ധാരണയായി. യോഗത്തിലെടുത്ത തീരുമാനങ്ങൾ ഉടമകളും യൂണിയൻ നേതാക്കളും ബസ് ജീവനക്കാരെ അറിയിക്കും.
ഓരോ റൂട്ടിലേക്കുള്ള ബസുകൾക്ക് കയറ്റിയിടാൻ ചാവക്കാട് ബസ് സ്റ്റാൻഡിൽ അനുവദിച്ച ട്രാക്കിൽ നിർബന്ധമായും ബസ് കയറ്റിയിടണം. മത്സരോട്ടം അവസാനിപ്പിക്കണം. സമാന്തര സർവീസിനെതിരെ നടപടി എടുക്കും. കെഎസ്ആർടിസി ബസുകൾക്കും വിദ്യാർഥി കണ്സഷൻ അനുവദിക്കണമെന്നും സർക്കാർ ബസുകൾ സയമം പാലിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.
ചാവക്കാട്നിന്ന് മമ്മിയൂർ എൽഎഫ് സ്കൂൾ, മാമ ബസാർ, മുത്തമാവ്, ബ്ലാങ്ങാട് ബീച്ച്, കോട്ടപ്പുറം എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾക്ക് ഒരു രൂപയാണ് ചാർജ്. ചാവക്കാട് ഇൻസ്പെക്ടർ കെ.ജി. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്ഐ എൻ. മുഹമ്മദ് റഫീഖ്, സിപിഒ എം.എ. ജിജി, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. സേതുമാധവൻ, സെക്രട്ടറി സലീൽകുമാർ, എം.സി. ഷംസുദ്ദീൻ, എം.എസ്. ശിവദാസ്, എം.കെ. സെയ്തലവി, മുനീർ, ഷഹിബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.