മഞ്ചേരി: പ്രായപൂർത്തിയാകാത്ത പതിനെട്ട് സ്കൂൾ വിദ്യാർഥിനികളെ ലൈംഗിക പീഡത്തിന് വിധേയരാക്കിയ കേസിൽ അധ്യാപകനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി അഞ്ചു വർഷം തടവിനും പതിനായിരും രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കണ്ണമംഗലം കിളിനിക്കോട് ഉത്താൻപള്ളിയാളിത്തൊടിക മുഹമ്മദി (40)നെയാണ് ശിക്ഷിച്ചത്. ആറു വർഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം. ചൈൽഡ് ലൈൻ കോഓർഡിനേറ്റർ എ.കെ.മുഹമ്മദ് സാലിഹ് വേങ്ങരയിലെ ഒരു സ്കൂളിൽ നടത്തിയ കൗണ്‍സിലിംഗിൽ പങ്കെടുത്ത 34 വിദ്യാർഥികളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനികളായ 18 പേർ അറബി അധ്യാപകൻ മുഹമ്മദിനെതിരെ പരാതി പറയുകയായിരുന്നു.
ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വേങ്ങര എസ്ഐയായിരുന്ന ഹിദായത്തുള്ള മാന്പ്രയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്ന നിയമം-പോക്സോ പ്രകാരം അഞ്ചു വർഷം തടവ്, 10000 രൂപ പിഴ, പിഴയടയ്ക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ്, 354-ാം വകുപ്പനുസരിച്ച് മാനഭംഗത്തിന് രണ്ടു വർഷം തടവ്, ജുവനൈൽ ജസ്റ്റിസ് ആക്ട് 23 പ്രകാരം ആറുമാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.