നെടുമങ്ങാട് :വിദ്യാർഥിസംഘർഷത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. നെടുമങ്ങാട് കച്ചേരി നടയിൽ പൂക്കടയിൽ ജോലിക്ക് നിൽക്കുന്ന വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെയാണ് കുത്തി പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ ദിവസം നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിലും പരിസര പ്രദേശങ്ങളിലും വിദ്യാർഥികൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ അരുൺ സാക്ഷി പറഞ്ഞിരുന്നു.
നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിലെ ഹാജ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു .ഗുരുതരമായി പരുക്കേറ്റ അരുണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുത്തിയ കത്തി അരുണിന്റെ കഴുത്തിന് താഴെയായി തുളച്ചു കയറി ഒടിഞ്ഞ നിലയിലായിരുന്നു. മെഡിക്കൽ കോളജിൽ അടിയന്തര ശാസ്ത്രക്രിയ നടത്തി കത്തി പുറത്തെടുത്തു. നെടുമങ്ങാട് പോലീസ് അനേഷണം ആരംഭിച്ചു.