തലശേരി: പാനൂരിൽ വീണ്ടും പ്ലസ്ടു-പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം. നഗരമധ്യത്തിൽ ഏറ്റുമുട്ടിയ വിദ്യാർഥികളെ ടാക്സി ഡ്രൈവർമാരും വ്യാപാരികളും ചേർന്ന് പിടിച്ചു മാറ്റി.
ഇതു മൂന്നാം തവണയാണ് പാനൂരിൽ പ്ലസ് ടു-പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുന്നത്. ആദ്യത്തെ സംഭവങ്ങളിൽ ഒരു വിദ്യാർഥിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. കെകെവിഎം എച്ച്എസ്എസിലെ വിദ്യാർഥികളാണ് ഇന്നലെ ഏറ്റുമുട്ടിയത്.
ടൗൺ ജംഗ്ഷനിൽ ഹെൽമറ്റ് അടക്കമുള്ള സാധനങ്ങൾ ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. സമീപത്തെ ടാക്സി ഡ്രൈവർമാരും വ്യാപാരികളും ഓടിയെത്തി വിദ്യാർഥികളെ പിടിച്ചു മാറ്റിയെങ്കിലും ചില കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതിനിടെ വിദ്യാർഥികളെ പിടിച്ചു മാറ്റാനെത്തിയ ടാക്സി ഡ്രൈവർക്ക് ഹെൽമറ്റ് കൊണ്ടുള്ള അടിയുമേറ്റു. രണ്ടാഴ്ച മുമ്പാണ് തൊട്ടടുത്ത പിആർഎം എച്ച്എസ്എസിലെ പ്ലസ് ടു-പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നത്.
സ്കൂളിൽ നടക്കുന്ന സംഘർഷങ്ങൾ ഇപ്പോൾ തെരുവിലേക്കും എത്തിയിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് സ്കൂളിലെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.