കാസർഗോഡ്: കാസർഗോഡ് കേന്ദ്ര സർവകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാർഥി സമരം തുടരുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ നടപടി. അതേസമയം, പുറത്താക്കിയ വിദ്യാർഥിയെ തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥി സംഘടനകൾ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സർവകലാശാലയിൽനിന്നു പുറത്താക്കപ്പെട്ട വിദ്യാർഥി കഴിഞ്ഞ ദിവസം ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇന്റർനാഷണൽ റിലേഷൻസ് സ്കൂളിലെ ഗവേഷക വിദ്യാർഥിയായ അഖിൽ താഴത്തിനെയാണ് സർവകലാശാലയെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി എന്ന കുറ്റം ചുമത്തി പുറത്താക്കിയത്. ഇതിനു പിന്നാലെ അഖിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അഖിലിനെ പുറത്താക്കിയതിനു പിന്നിൽ സർവകലാശാല വിസി അടക്കമുള്ളവരുടെ രാഷ്ട്രീയപരമായ പകയാണെന്നാണ് വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നത്. സർവകലാശാല പ്രൊ വിസി കെ. ജയപ്രസാദ് ഭാരതീയ വിചാര കേന്ദ്രത്തിലെ ഭാരവാഹിയാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.