തിരുവനന്തപുരം: വിദ്യാലയങ്ങളിൽ വിദ്യാർഥി സമരങ്ങൾ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ കോടതിയിൽ അപ്പീൽ നൽകുമെന്ന് മന്ത്രി കെ.ടി. ജലീൽ. സമരങ്ങൾ പാടില്ലെന്ന കോടതി വിധി ജനാധിപത്യത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
യൂണിയൻ പ്രവർത്തനം സാധൂകരിച്ച് സർക്കാർ ഓർഡിനൻസ് കൊണ്ടുവരാനൊരുങ്ങുമ്പോഴാണ് കോടതി ഇടപെടൽ. പ്രതിപക്ഷനേതാവും വിവിധ വിദ്യാർത്ഥി സംഘടനകളും സർക്കാർ അപ്പീൽ പോകണമെന്നാണ് ആവശ്യപ്പെട്ടത്. പുതിയ സാഹചര്യത്തിൽ അപ്പീലിൽ തീരുമാനമായ ശേഷമേ സർക്കാറിന് ഓർഡിനൻസ് ഇറക്കാനാകൂ.
സംസ്ഥാനത്തെ സ്കൂളുകളിലും കലാലയങ്ങളിലും വിദ്യാർഥി സമരവും പഠിപ്പുമുടക്കും നിരോധിച്ചു കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സ്കൂളുകളിലും കോളജുകളിലും വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ഇതിനു വിരുദ്ധമായ സമരങ്ങളിൽ മാനേജ്മെന്റിനു പോലീസിനെ ഉൾപ്പെടെ വിനിയോഗിച്ചു നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.