കോഴിക്കോട്: ചാത്തമംഗലത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണങ്ങളിലൊന്ന് പഠനസംബന്ധമായ മാനസിക സമ്മർദമാണെന്ന് സൂചന. രണ്ടുവര്‍ഷത്തിനകം നാലു വിദ്യാര്‍ഥികളാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജീവന് അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം ബിടെക് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ മൂന്നാം വര്‍ഷം പഠിക്കുന്ന യോഗീശ്വര്‍ നാഥ് എന്ന വിദ്യാര്‍ഥിയാണ് ഏഴുനിലയുള്ള ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചത്. പരീക്ഷ കഴിഞ്ഞ് മറ്റ് വിദ്യാര്‍ഥികളെല്ലാം ഹോസ്റ്റല്‍ വിട്ടിരുന്നു.
മുംബൈ ബാബ ആറ്റമിക് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരനായ വെങ്കട്ടറാം നരസയ്യയുടെ മകനാണ് യോഗീശ്വര്‍ നാഥ്. പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷമാണ് മരണത്തിലേക്കു നയിച്ചതെന്നാണു സൂചന.
പരീക്ഷയില്‍ തോറ്റവര്‍ക്ക് പിന്നീട് അത് എഴുതി എടുക്കുന്നതിനുള്ള സംവിധാനം എന്‍ഐടിയില്‍ ഇല്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. യോഗീശ്വര്‍ നാഥ് ചില പരീക്ഷകള്‍ എഴുതിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട സമ്മര്‍ദമായിരിക്കാം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്.
പരീക്ഷയുടെയും പഠനത്തിന്റെയും പേരില്‍ എന്‍ഐടിയില്‍ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്. 2022 ജൂണ്‍ ഒന്നിനും ഡിസംബര്‍ ഏഴിനുമായി രണ്ടു വിദ്യാര്‍ഥികള്‍ ഇവിടെ ജീവനൊടുക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15ന് മറ്റൊരു കുട്ടിയും ജീവിതം അവസാനിപ്പിച്ചു.
മറ്റൊരു വിദ്യാര്‍ഥി എന്‍ഐടി വിട്ട് പഞ്ചാബിലെ സ്വകാര്യ യൂണിവേഴ്സിറ്റിയില്‍ പഠനത്തിനു ചേര്‍ന്നിരുന്നു. 2022 സെപ്റ്റംബറില്‍ ഈ കുട്ടിയും ആത്മഹത്യ ചെയ്തു. എന്‍ഐടി ഡയറക്ടറെ കുറ്റപ്പെടുത്തിയുള്ള കുറിപ്പ് എഴുതിവച്ചായിരുന്നു ആത്മഹത്യ.
കടുത്ത മത്സരപരീക്ഷയിലൂടെയാണ് എന്‍ഐടിയിലേക്ക് വിദ്യാര്‍ഥികള്‍ എത്തുന്നത്. പഠനത്തില്‍ ഉന്നതനിലവാരം പുലർത്തുന്ന കുട്ടികളാണ് ഇത്തരത്തിലുള്ള ദേശീയ സ്ഥാപനങ്ങളില്‍ എത്തിപ്പെടുന്നത്. എന്നാല്‍, കടുത്ത സമ്മര്‍ദം അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് മിക്കവര്‍ക്കും.
മാനസിക പിരിമുറുക്കം പരിഹരിക്കുന്നതിനു എന്‍ഐടിയില്‍ സ്ഥിരം കൗണ്‍സലിംഗ് സംവിധാനമുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ അതുപയോഗപ്പെടുത്തുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനമാണിത്.
ആത്മഹത്യാ പ്രവണതയുള്ള കുട്ടികളെ കണ്ടെത്താന്‍ ഫാക്കല്‍റ്റികള്‍ക്കു കഴിയില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. ഇത്തരം പ്രവണതയുള്ള കുട്ടികള്‍ മുന്‍കൈയെടുത്ത് കൗണ്‍സലിംഗിനു ഹാജരാകണമെന്നാണ് അവരുടെ അഭിപ്രായം.
ഏതായാലും ആത്മഹത്യാനിരക്ക് ഉയര്‍ന്നിട്ടും എന്‍ഐടിയില്‍ അതു പരിഹരിക്കുന്നതിനുള്ള ഗൗരവമായ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. പഠനസമ്മര്‍ദം കുറയ്ക്കുന്നതിനുള്ള നടപടികളിലേക്കും സ്ഥാപനം കടന്നിട്ടില്ല.