വൈപ്പിൻ: ഞാറക്കലിൽ പട്ടാപ്പകൽ 11കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അടുത്ത ബന്ധുവിനെ ഞാറക്കൽ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വീട്ടുകാർ റൂറൽ എസ്പിക്ക് നൽകിയ പരാതിയെതുടർന്നാണ് പോലീസിന്റെ നടപടി. കൂടാതെ പെൺകുട്ടിയുടെ വീട്ടുകാരുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
പോലീസ് വിശദമായ അന്വേഷണത്തിലാണ്. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹമായി ഒന്നും പ്രതിപാദിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഞാറക്കൽ വടക്കേടത്ത് രാജന്റെ മകൾ ശിവപ്രിയയാണ് മരിച്ചത്.
കഴിഞ്ഞ മാസം 29നാണ് ശിവപ്രിയയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ബന്ധുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് വീട്ടുകാർ പരാതി നൽകിയത്.